കനത്ത മഴയിൽ രോഗങ്ങളും പടരുന്നു; പൊതുജനങ്ങൾ പ്രത്യേക ജാഗ്രത പുലർത്തണം

 


എറണാകുളം: മഴക്കാലമായാൽ പലതരം രോഗങ്ങളും പടരും. പൊതുജനങ്ങളുടെ ശ്രദ്ധയും സഹകരണവും ഉറപ്പാക്കിക്കൊണ്ട് മാത്രമേ മഴക്കാലത്ത് ഡെങ്കിപ്പനി, എലിപ്പനി വയറിളക്കരോഗങ്ങൾ തുടങ്ങിയ പകർച്ചവ്യാധികൾ നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കുകയുള്ളൂ.

ഡെങ്കിപ്പനിയില്‍ നിന്നുള്ള മോചനത്തിന് ഉറവിട നശീകരണം ഉറപ്പാക്കി കൊതുക് വളരുന്നതിന് വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനു പൊതുജനങ്ങൾ പ്രത്യേകം ജാഗ്രത പുലർത്തണമെന്ന് എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ആശാദേവി അറിയിച്ചു.

മഴക്കാലരോഗ പ്രതിരോധ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും മറ്റ് സന്നദ്ധ സംഘടനകളുടെയും പങ്കാളിത്തത്തോടുകൂടി ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ മെയ് 16, 23, 30 എന്നീ തീയതികളിലായി നടക്കുന്നുണ്ട്. കൂടാതെ എല്ലാ വീടുകളിലും, സ്ഥാപനങ്ങളിലും ഉറവിടനശീകരണത്തിനായി ഡ്രൈ ഡേ ആചരിക്കുന്നതിന് എല്ലാവരും പങ്കാളികളാവണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വർധിക്കുന്നതിന് കാരണമാകും. വീടുകളിലും പരിസരങ്ങളിലും, പ്ലാന്റേഷനുകളിലും, കൃഷിയിടങ്ങളിലും പ്രത്യേകിച്ച് മഴവെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യങ്ങളില്‍ കൊതുകുകള്‍ക്ക് മുട്ടയിടാനും വളരുവാനും സാധിക്കും. വീടിനുള്ളിലും പരിസരത്തും വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കുകയും മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്‌കരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.

Post a Comment

0 Comments