ഇഡി ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട കൈക്കൂലി കേസ്; പരാതിക്കാരന്റെ വിവരങ്ങള്‍ തേടി വീണ്ടും ഇഡിക്ക് വിജിലന്‍സിന്റെ കത്ത്


എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട കൈക്കൂലി കേസിൽ നിലപാട് കടുപ്പിച്ച് വിജിലന്‍സ്. കേസില്‍ പരാതിക്കാരന്‍ അനീഷ് ബാബുവിന്റെ വിവരങ്ങള്‍ ആവശ്യപ്പെട്ട് ഇഡിക്ക് വിജിലന്‍സ് വീണ്ടും കത്ത് നല്‍കി. കേസ് ഫയല്‍ ആവശ്യപ്പെട്ട് നേരത്തെ കത്ത് നല്‍കിയെങ്കിലും ഇഡി അനുകൂല നിലപാട് എടുത്തിരുന്നില്ല. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ കേസ് ഫയല്‍ പൂര്‍ണമായും നല്‍കാനാവില്ല എന്നായിരുന്നു മറുപടി. ഇതിന് പിന്നാലെയാണ് പരാതിക്കാരന് എതിരെയുള്ള ECIR, സമന്‍സ് എന്നിവ പ്രത്യേകം ചോദിച്ച് വീണ്ടും കത്ത് നല്‍കിയിരിക്കുന്നത്.

വിജിലന്‍സ് കേസിന്റെ എഫ്‌ഐആര്‍ ആവശ്യപ്പെട്ട് ഇഡി നല്‍കിയ കത്തില്‍ വിജിലന്‍സും ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കൈക്കൂലി കേസിൽ അന്വേഷണത്തിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നടപടി തുടങ്ങി. വിജിലന്‍സ് കേസിന്റെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തു. കേസിലെ പരാതിക്കാരന്‍ അനീഷ് ബാബുവിന് ഡല്‍ഹിയില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നോട്ടീസ് നല്‍കി.

നിലവില്‍ ഈ കേസില്‍ അനീഷ് ബാബുവിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എടുത്ത കേസില്‍ ഡല്‍ഹി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിനാണ് അന്വേഷണ ചുമതല. വിജിലന്‍സ് കേസിന് കാരണമായ ആരോപണങ്ങള്‍ ഇഡി അന്വേഷിക്കും. അതേസമയം, ഇഡി നടപടിക്കെതിരെ അനീഷ് ബാബു ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ ഇഡി അന്വേഷണവുമായി സഹകരിക്കാന്‍ അനീഷ് ബാബുവിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Post a Comment

0 Comments