ഐഎൻഎസ് വിക്രാന്തയുടെ ലൊക്കേഷൻ ചോദിച്ച് ഫോണ്‍ കോൾ; ഒരാൾ അറസ്റ്റിൽ


കൊച്ചി: പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്ന വ്യാജേന ഫോണില്‍ വിളിച്ച് ഐഎന്‍എസ് വിക്രാന്ത് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ പിടിയിലായി. കോഴിക്കോട് നടക്കാവ് സ്വദേശി മുജീബ് റഹ്‌മാനാണ് പിടിയിലായത്. ഇന്ന് രാവിലെ കോഴിക്കോട്ടുനിന്ന് പിടികൂടിയ ഇയാളെ കൊച്ചിയിലെത്തിച്ചു. തുടർന്ന് ചോദ്യം ചെയ്യലിന് ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു

കൊച്ചി നേവല്‍ ആസ്ഥാനത്തെ ലാന്‍ഡ് ഫോണില്‍ വിളിച്ച് വിക്രാന്ത് ഇപ്പോള്‍ കിടക്കുന്ന ലൊക്കേഷന്‍ അന്വേഷിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ഒന്‍പതോടെയായിരുന്നു ഫോണ്‍ കോൾ വന്നത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്നും രാഘവന്‍ എന്നാണ് പേരെന്നും വിളിച്ചയാള്‍ പറഞ്ഞിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് നാവികസേന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഹാര്‍ബര്‍ പോലീസാണ് കേസെടുത്തത്. പാകിസ്ഥാനുമായി സംഘര്‍ഷം മൂർച്ഛിച്ച സന്ദര്‍ഭത്തിലാണ് ഇത്തരത്തിലൊരു ഫോണ്‍ കോള്‍ നാവികസേന ആസ്ഥാനത്തേക്ക് വന്നത്. അതുകൊണ്ട് തന്നെ കേസില്‍ വിശദമായ അന്വേഷണം പോലീസ് നടത്തുന്നുണ്ട്.

Post a Comment

0 Comments