ഇടുക്കി: കേരളത്തിലെ ശക്തമായ മഴയെത്തുടർന്ന് ഇടുക്കി ജില്ലയിൽ പ്രഖ്യാപിച്ചിരുന്ന രാത്രികാല ഗതാഗത നിരോധനം അവസാനിപ്പിച്ചു. എന്നാൽ മൂന്നാർ ഗ്യാപ്പ് റോഡിലും, മൂന്നാർ കല്ലാർ റോഡിലും ഗതാഗത നിരോധനം തുടരും. ഇന്ന് മുതൽ വിനോദസഞ്ചാര കേന്ദ്രങ്ങളും തുറക്കും.
അടിമാലി – ചീയപ്പാറ – നേര്യമംഗലം പാതയിൽ യാത്ര ചെയ്യുന്നവർ ജാഗ്രത പുലർത്തണമെന്നും തോട്ടം, തൊഴിലുറപ്പ് ജോലികൾ ചെയ്യാം എന്നും അറിയിപ്പുണ്ട്. അതേസമയം, സംസ്ഥാനത്ത് അതി തീവ്ര മഴയ്ക്ക് ഇന്ന് നേരിയ കുറവുണ്ടായേക്കും. ഇന്ന് ഒരു ജില്ലകളിലും, റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ ഇല്ല. എന്നാൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. ഏറനാട് എക്സപ്രസ്, മുംബൈ സിഎസ്എംടി എക്സ്പ്രസ്, ശബരി എക്സ്പ്രസ്, മലബാർ എക്സ്പ്രസ്, കന്യാകുമാരി എക്സ്പ്രസ്, മംഗലപുരം- തിരുവനന്തപുരം വന്ദേ ഭാരത്, കന്യാകുമാരി വിവേക് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് വൈകി ഓടുന്നത്. ഇതിൽ തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട ഏറനാട് എക്സ്പ്രസ് 2 മണിക്കൂറും, മുംബൈ സി എസ് എം ടി എക്സ്പ്രസ് ഒന്നരമണിക്കൂറും കന്യാകുമാരി വിവേക് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് നാല് മണിക്കൂറും മലബാർ എക്സ്പ്രസ് 50 മിനിറ്റും കന്യാകുമാരി എക്സ്പ്രസ് 40 മിനിറ്റുമാണ് വൈകി ഓടുന്നത്.
0 Comments