കണ്ണൂർ സർവകലാശാലയിലെ ചോദ്യപേപ്പർ ചോർച്ച; കോളജിനും അധ്യാപകനുമെതിരെ നടപടി




 കണ്ണൂര്‍: കണ്ണൂർ സർവകലാശാലയിലെ ചോദ്യപേപ്പർ ചോർച്ചയിൽ കോളജിനെതിരെയും അധ്യാപകനെതിരെയും നടപടി. കാസർകോട് പാലക്കുന്ന്‌ ഗ്രീൻവുഡ് കോളജിന് അടുത്ത വർഷം മുതൽ അംഗീകാരം നൽകില്ല. ചോദ്യം ചോർത്തി നൽകിയ അധ്യാപകനെ പരീക്ഷാച്ചുമതലകളിൽ നിന്ന് അഞ്ച് വർഷത്തേക്ക് വിലക്കി. കോളജ് മനേജ്മെന്‍റ് ഒന്നര ലക്ഷം രൂപ പിഴ അടയ്ക്കണം. ചോദ്യപ്പേപ്പർ ചോർന്ന പരീക്ഷകൾ വീണ്ടും നടത്തും. കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ ഉപസമിതിയുടെ ശിപാർശ പ്രകാരമാണ് തീരുമാനം.

സംഭവത്തിൽ പാലക്കുന്നിലെ ഗ്രീൻവുഡ്സ് ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ ഇൻചാർജ് പി. അജീഷിനെ സസ്പെൻഡ് ചെയ്തിരുന്നു. കണ്ണൂർ സർവകലാശാല നടത്തിയ ബിസിഎ ആറാം സെമസ്റ്റർ പരീക്ഷാ ചോദ്യപേപ്പർ ചോർന്ന സംഭവത്തിലാണ് നടപടി. സംഭവത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ പരാതിയിൽ അജീഷിനെതിരെ ബേക്കൽ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മാനേജ്മെന്‍റിന്‍റെ നടപടി.

വാട്സാപ്പ് വഴിയാണ് ചോദ്യപേപ്പർ ചോർന്നത്. ബിസിഎ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോർന്നത്.

മാർച്ച്‌ 18 മുതൽ ഏപ്രിൽ രണ്ട് വരെയായിരുന്നു പരീക്ഷ. ഏപ്രിൽ രണ്ടിന് നടന്ന അവസാന പരീക്ഷയിൽ സർവകലാശാല സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ചോർത്തിയത് കണ്ടെത്തിയത്.

Post a Comment

0 Comments