കൊച്ചി: കൊച്ചി കോർപ്പറേഷനിലെ ബിൽഡിംഗ് ഇൻസ്പെക്ടർ എ സ്വപ്നയെ വിജിലൻസ് കസ്റ്റഡിയിൽ വിട്ടു. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് മൂന്ന് ദിവസത്തെ കസ്റ്റഡി അനുവദിച്ചത്. കൈക്കൂലി കേസിൽ അറസ്റ്റിലായ സ്വപ്നയെ കൊച്ചി കോർപ്പറേഷൻ കഴിഞ്ഞ ദിവസം സസ്പെന്റ് ചെയ്തിരുന്നു. വൈറ്റില വൈലോപ്പിള്ളി റോഡിൽ സ്വന്തം കാറിൽവച്ച് പണം വാങ്ങുമ്പോഴാണ് സ്വപ്‌നയെ കൊച്ചിയിലെ വിജിലൻസ് സംഘം പിടികൂടിയത്.
15000 രൂപ കൈക്കൂലി വാങ്ങാൻ കുടുംബ സമേതമാണ് സ്വപ്നയെത്തിയത്. ജോലി കഴിഞ്ഞ് തൃശ്ശൂർ മണ്ണുത്തിയിലേക്ക് മടങ്ങവെയായിരുന്നു കൈക്കൂലി വാങ്ങാനുളള നീക്കം. പരിശോധനയില്‍ കാറില്‍നിന്ന് 41,180 രൂപയും കണ്ടെത്തി. കഴിഞ്ഞ രണ്ടു വർഷമായി കൊച്ചി നഗരസഭയിൽ പ്രവർത്തിക്കുന്ന സ്വപ്ന മുൻപ് തൃശൂർ കോർപ്പറേഷനിലും ജോലി ചെയ്തിരുന്നു. വൈറ്റില സോണൽ ഓഫീസിൽ ഫസ്റ്റ് ഗ്രേഡ് ഓവർസിയർ റാങ്ക് ആയതിനാൽ ബിൽഡിംഗ് ഇൻസ്പെക്ടറായിട്ടായിരുന്നു പ്രവർത്തനം. നഗര ഹൃദയമായതിനാൽ കെട്ടിട പെർമിറ്റ് സംബന്ധിച്ച കുറെ അപേക്ഷകളിൽ സ്വപ്ന അധിക വരുമാനത്തിന്റെ സാധ്യത കണ്ടു. വൈകാതെ അഴിമതിയും.
കഴിഞ്ഞ ഏതാനും മാസങ്ങളായി വിജിലൻസിന്റെ റഡാറിലായ സ്വപ്നയെ വിജിലൻസ് തന്ത്രപൂർവം വലയിലാക്കുകയായിരുന്നു. വൈറ്റില സ്വദേശിയുടെ അഞ്ച് നില കെട്ടിടത്തിന് പ്ലാൻ അപ്രൂവ് ചെയ്യാൻ 4 മാസം വൈകിപ്പിച്ചിട്ടാണ് ഒടുവിൽ ഓരോ നിലയ്ക്കും 5,000 രൂപ വീതം 25000 രൂപ സ്വപ്ന ആവശ്യപ്പെട്ടത്. സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞതോടെ 15,000 എങ്കിലും വേണമെന്നായി. ഈ പണം വാങ്ങുന്നതിനിടെ വിജിലൻസിന്റെ വലയിലേക്കും. സ്വപ്നയെ പോലെ കഴിഞ്ഞ നാലു മാസത്തിനിടെ അഞ്ച് ഉദ്യോഗസ്ഥരാണ് വ്യത്യസ്ത കേസുകളിൽ പിടിയിലായത്, ഇത് മേയറടക്കം ഭരണപക്ഷത്തിന്റെ സംരക്ഷണത്തിലെന്നാണ് പ്രതിപക്ഷ ആരോപണം.
0 Comments