ചിന്നസ്വാമിയിൽ മഴക്കളി; കൊൽക്കത്ത ഐപിഎല്ലിൽ നിന്ന് പുറത്ത്, ആർസിബി-കെകെആർ മത്സരം ഉപേക്ഷിച്ചു

 



ബെംഗളൂരു: ചെറിയ ഇടവേളക്ക് ശേഷം പുനരാരംഭിച്ച ഐപിഎല്ലിന് നനഞ്ഞ തുടക്കം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കേണ്ട കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സ്-റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരം മഴമൂലം ഉപേക്ഷിച്ചു. കനത്തമഴമൂലം ടോസ് പോലുമിടാതെയാണ് മാച്ച് റദ്ദാക്കിയത്. ഇരുടീമുകൾക്കും ഓരോ പോയന്റ് ലഭിച്ചു. അതേസമയം, പ്ലേഓഫ് ഉറപ്പിക്കാൻ വിജയം മാത്രം ലക്ഷ്യമിട്ട കൊൽക്കത്തക്ക് മഴ വില്ലനായി. കളി ഉപേക്ഷിച്ചതോടെ നിലവിലെ ചാമ്പ്യൻമാർ പുറത്തായി. 17 പോയന്റുമായി ആർസിബി പ്ലേഓഫിലേക്ക് ഒരുപടികൂടി അടുത്തു.

റീസ്റ്റാർട്ടിൽ ഹെവിവെയിറ്റ് മത്സരം പ്രതീക്ഷിച്ച് സ്റ്റേഡിയത്തിലെത്തിയ ആരാധകരെ നിരാശരാക്കിയാണ് നിർത്താതെ മഴയെത്തിയത്. മഴ ശമനമില്ലാതെ ഉറച്ചു പെയ്തതോടെ മത്സരം ഉപേക്ഷിക്കാൻ അധികൃതർ നിർബന്ധിതരാകുകയായിരുന്നു. അവസാനം അഞ്ച് ഓവർ മാച്ചെങ്കിലും നടക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ഇന്ന് നടക്കുന്ന മത്സരത്തിൽ രാജസ്ഥാൻ പഞ്ചാബ് കിങ്‌സിനേയും ഡൽഹി ക്യാപിറ്റൽസ് ഗുജറാത്ത് ടൈറ്റൻസിനേയും നേരിടും. അവസാന മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ജയിച്ചാലും കൊൽക്കത്തക്ക് പ്ലേഓഫിലേക്ക് എത്താനാവില്ല

Post a Comment

0 Comments