‘ജോലി തടസപ്പെടുത്തി’; കെ യു ജനീഷ് കുമാര്‍ എംഎല്‍എക്കെതിരെ പരാതി നല്‍കി വനം വകുപ്പ് ഉദ്യോഗസ്ഥര്‍



വനംവകുപ്പ് കസ്റ്റഡിയിലെടുത്തയാളെ മോചിപ്പിച്ചതില്‍ കോന്നി എംഎല്‍എ കെ യു ജനീഷ് കുമാറിനെതിരെ പരാതി നല്‍കി വനം വകുപ്പ് ഉദ്യോഗസ്ഥര്‍. ജോലി തടസപ്പെടുത്തിയെന്നാണ് പരാതി. ചൊവ്വാഴ്ച വൈകിട്ടാണ് കെ യു ജനീഷ് കുമാര്‍ പാടം ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ആളെ ബലമായി ഇറക്കി കൊണ്ടു പോയത്. മൂന്ന് പരാതികളാണ് കൂടല്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയത്. പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.

പത്തനംതിട്ട പാടം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞ സംഭവത്തില്‍ കസ്റ്റഡിയിലെടുത്തയാളെയാണ് കെ യു ജനീഷ് കുമാര്‍ എംഎല്‍എ മോചിപ്പിച്ചത്. സംഭവത്തില്‍ അന്വേഷണം ഇന്ന് ആരംഭിക്കും. വനം മന്ത്രി എ കെ ശശീന്ദ്രന്റെ നിര്‍ദേശപ്രകാരമാണ് അന്വേഷണം. ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കണ്‍സവേറ്റര്‍ക്കാണ് അന്വേഷണ ചുമതല. ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും ഇന്ന് മൊഴി രേഖപ്പെടുത്തും. മൊഴിയെടുപ്പ് പൂര്‍ത്തിയായ ശേഷം പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാനാണ് ആലോചന.

സംഭവത്തില്‍ സിപിഎം എല്‍എയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ജനങ്ങള്‍ക്കൊപ്പം തന്നെയാണ് എംഎല്‍എ ജനങ്ങള്‍ക്കൊപ്പം തന്നെയാണ് സിപിഐഎം എന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു. വന്യജീവികള്‍ ജനജീവിതം തകര്‍ത്ത് എറിയുന്നു. ജനങ്ങള്‍ ജീവിക്കാന്‍ ആയിട്ടുള്ള പോരാട്ടത്തിലാണ്. ജനീഷ് കുമാറിന്റെ എല്ലാ ഇടപെടലിനും പാര്‍ട്ടി പിന്തുണ ഉണ്ട്. ജനങ്ങള്‍ എംഎല്‍എക്ക് ഒപ്പമാണ്. നക്‌സലുകള്‍ വരുമെന്നത് വൈകാരിക പ്രകടനം മാത്രം – അദ്ദേഹം വ്യക്തമാക്കി.


Post a Comment

0 Comments