കൊച്ചി:സുൽത്താൻബത്തേരിയിൽ പുലി ഇറങ്ങിയതുമായി ബന്ധപ്പെട്ട ഹർജിയിലും, ആറളം പുനരധിവാസ മേഖലയിലെ കാട്ടാനശല്യവുമായി ബന്ധപ്പെട്ട ഹർജിയിലും ഇന്നലെ കോടതിയിൽ നിന്ന് ചില സുപ്രധാന ഉത്തരവുകൾ ഉണ്ടായി. പോൾ മാത്യൂസ് സമർപ്പിച്ച ഹർജിയിൽ വന്യമൃഗ ആക്രമണവുമായി ബന്ധപ്പെട്ട ഡിവിഷൻ ബെഞ്ച് ആണ് വാദം കേട്ടത്.
തുടരെത്തുടരെയുള്ള വന്യമൃഗ ആക്രമണങ്ങളിലും കൃഷി നാശത്തിലും കോടതി ആശങ്ക അറിയിച്ചു. സുൽത്താൻബത്തേരി നഗരത്തിൽ പുലി ഇറങ്ങിയത് കൃത്യമായി കാമറയിൽ പതിഞ്ഞിട്ടും എന്തുകൊണ്ടാണ് കൂടു വയ്ക്കാൻ ഇത്രയും താമസിച്ചത് എന്നു കോടതി ചോദിച്ചു. ജനങ്ങളുടെ ആശങ്ക അകറ്റേണ്ടത് വനംവകുപ്പിന്റെ ഉത്തരവാദിത്വമാണ് എന്ന് കോടതി അറിയിച്ചു.
വന്യമൃഗ ആക്രമണങ്ങൾ തടയുന്നതിൽ ജനപങ്കാളിത്തം ഉറപ്പുവരുത്തേണ്ടതുണ്ട് എന്ന് കോടതി നിരീക്ഷിച്ചു. വയനാട്ടിൽ എല്ലാ പഞ്ചായത്തിലും ടാസ്ക് ഫോഴ്സ് തുടങ്ങണമെന്നും, വന്യമൃഗ പ്രതിരോധനത്തിനുള്ള ആദിവാസികളുടെ നാട്ടറിവ് ഉപയോഗപ്പെടുത്തണമെന്നും, ഈ ടാസ്ക് ഫോഴ്സ് നേരിട്ട് കോടതിയോട് റിപ്പോർട്ട് ചെയ്യണമെന്നും, വനം വകുപ്പുമായി സഹകരിച്ച് പ്രവർത്തിക്കണമെന്നും, സർക്കാരിൽ നിന്ന് ടാസ്ക് ഫോഴ്സിനൂ കോടതി വഴി ആവശ്യങ്ങൾ നിറവേറ്റാം എന്നും വിധിയുണ്ടായി. ടാസ്ക് ഫോഴ്സ് രൂപീകരിക്കുന്നതിനും നേതൃത്വത്തിനും ഹർജിക്കാരൻ പോൾ മാത്യുസിനെ ഹൈക്കോടതി ചുമതലപ്പെടുത്തി. വന്യമൃഗ ആക്രമണം എന്ന ഒറ്റ പോയിന്റിൽ ഊന്നി, മറ്റ് യാതൊരു ലക്ഷ്യത്തിനോ, രാഷ്ട്രീയനേട്ടത്തിനോ ടാസ്ക് ഫോഴ്സ് കൂട്ടുനിൽക്കരുത് എന്നും കോടതി ഉത്തരവിട്ടു. കോടതിയുടെ നേരിട്ട നിരീക്ഷണത്തിലുള്ള ടാസ്ക് ഫോഴ്സിന്റെ പ്രവർത്തനങ്ങൾ കോടതി ഓരോ ആഴ്ചയും നിരീക്ഷിക്കും.
ആറളം പുനരധിവാസ മേഖലയിലെ കാട്ടാന ശല്യമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹർജി ഇതേ കോടതി പരിഗണിച്ചപ്പോൾ, സമാനമായ ഒരു ടാസ്ക് ഫോഴ്സ് അവിടെ രൂപീകരിക്കാനും ജനങ്ങളുടെ അഭിപ്രായം സ്വരൂപിക്കാനും കോടതി ഉത്തരവിട്ടു.

0 Comments