തിരുവനന്തപുരം: ദേശീയ പാതയിൽ വിള്ളൽ ഉണ്ടായ സ്ഥലങ്ങൾ പരിശോധിക്കാൻ നിയോഗിച്ച വിദഗ്ധസംഘം നാളെ കേരളത്തിൽ എത്തും. ഐഐടി പ്രൊഫ. കെ ജെ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലം സന്ദർശിക്കുക. നിർമാണത്തിൽ ദേശീയപാത അതോറിറ്റിക്ക് സംഭവിച്ച ഗുരുതര വീഴ്ച്ചക്ക് പിന്നാലെ എൻ എച് എ ഐ സൈറ്റ് എൻജിനീയറെ പിരിച്ചുവിട്ടിരുന്നു.
ഒരു കിലോമീറ്റർ പരിധിയിൽ തകർന്ന മലപ്പുറം ജില്ലയിലെ കൂരിയാടിൽ സംഘം പ്രത്യേക പരിശോധന നടത്തും. തൃശൂർ, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിലും സംഘം പരിശോധന നടത്തിയേക്കും. ഡോ. അനിൽ ദീക്ഷിത്, ഡോ ജിമ്മി തോമസ്, ഡോ. കെ മോഹൻ കൃഷ്ണ എന്നിവരാണ് വിദഗ്ധ സമിതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. ദേശീയപാത അതോറിറ്റിക്ക് സംഭവിച്ച പ്രധാനപ്പെട്ട പിഴവുകൾ, ഡിസൈനിൽ ഉണ്ടായിട്ടുള്ള തകരാറുകൾ, ഉപകരാർ നൽകിയതിലെ ക്രമക്കേടുകൾ എന്നിവയും സമിതി പരിശോധിക്കും. റോഡ് നിർമാണത്തിൽ ദേശീയപാതക്ക് ഗുരുതര പിഴവ് സംഭവിച്ചതിന് പിന്നാലെ ദേശീയപാത ഉദ്യോഗസ്ഥർക്കെതിരെ കേന്ദ്രസർക്കാർ നടപടി സ്വീകരിച്ചു.
റോഡ് നിർമ്മാണത്തിൽ കരാറെടുത്ത സുരക്ഷാ കൺസൾട്ടന്റ്, ഡിസൈൻ കൺസൾട്ടന്റ് കമ്പനികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. റോഡ് നിർമ്മാണത്തിൽ ദേശീയപാത അതോറിറ്റിക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിന് പിന്നാലെയാണ് നടപടിക്ക് കേന്ദ്ര സർക്കാർ നിർബന്ധിതരായത്.
0 Comments