ദിയയുടെ സ്ഥാപനത്തിലെ തട്ടിപ്പ്: ഒന്നരവർഷത്തിനിടെ ജീവനക്കാര്‍ നടത്തിയത് 66 ലക്ഷം രൂപയുടെ ബാങ്ക് ഇടപാട്

 



തിരുവനന്തപുരം: ബിജെപി നേതാവ് ജി.കൃഷ്ണകുമാറിന്റെ മകൾ ദിയയുടെ പേരൂർക്കടയിലെ സ്ഥാപനത്തിലെ ജീവനക്കാർ കഴിഞ്ഞ ഒന്നര വർഷത്തിനിടെ നടത്തിയത് 66 ലക്ഷം രൂപയുടെ ബാങ്ക് ഇടപാടുകൾ. ഇതിൽ കസ്റ്റമേഴ്സിൽ നിന്ന് വാങ്ങിയ തുക എത്രയാണെന്ന് വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് പൊലീസ്.അതേസമയം, മൊഴി നൽകാമെന്ന് അറിയിച്ച മൂന്ന് ജീവനക്കാരും പൊലീസ് സ്റ്റേഷനിൽ എത്തിയില്ല.

'ഒ ബൈ ഒസി'യിലെ ക്യു ആർ കോഡ് മാറ്റിവെച്ച് 69 ലക്ഷം രൂപ തട്ടിയെന്ന ദിയയുടെ പരാതിയെ തുടർന്നാണ് ജീവനക്കാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പൊലീസ് പരിശോധിച്ചത്. 2024 ജനുവരി മുതൽ 66 ലക്ഷം രൂപയുടെ ഇടപാടുകളാണ് വിനീത, ദിവ്യ, രാധാമണി എന്നിവർ വലിയതുറ എസ് ബി ഐ ബാങ്കിൽ നടത്തിയിട്ടുള്ളത്. ഇതിൽ 'ഒ ബൈ ഒസി'യിലെ കസ്റ്റമേഴ്സിൽ നിന്ന് കൈപ്പറ്റിയ പണം എത്രയാണെന്ന് പൊലീസ് പരിശോധിക്കുകയാണ്.

സാധനങ്ങൾ വിൽപ്പന നടത്തുമ്പോൾ ബിൽ ബുക്കിൽ തുക രേഖപ്പെടുത്താറുണ്ട്. ബിൽ ബുക്കും അക്കൗണ്ട് ഇടപാടുകളും പരിശോധിച്ചാൽ സ്ഥാപനത്തിൻറെ പേരിൽ ലഭിച്ച തുക എത്രയാണെന്ന് വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അക്കൗണ്ട് വഴിയല്ലാതെ നേരിട്ടും ജീവനക്കാർ പണം കൈപ്പറ്റിയതായി കസ്റ്റമേഴ്സിൽ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ നേരിട്ട് എത്ര തുക വാങ്ങിയതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുകയാണ്.

കൃഷ്ണകുമാർ തട്ടിക്കൊണ്ട് പോയെന്ന് പരാതിയിൽ മൊഴി നൽകാൻ ജീവനക്കാരോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മ്യൂസിയം പൊലീസിൽ ജീവനക്കാർ എത്തിയില്ല. വിനീതയെയും ദിവ്യയെയും രാധാകുമാരിയെയും ഫോണിൽ ബന്ധപ്പെട്ടെങ്കിലും അവർ പ്രതികരിച്ചില്ലെന്ന് പൊലീസ് വ്യക്തമാക്കി.

Post a Comment

0 Comments