വധഭീഷണിയിൽ പൊലീസ് നടപടിയെടുത്തില്ല; മുഖ്യമന്ത്രിക്ക് പരാതി നൽകി സാന്ദ്ര തോമസ്

 



കൊച്ചി: തനിക്കെതിരായ വധഭീഷണിയിൽ പൊലീസ് നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകി നിർമാതാവ് സാന്ദ്ര തോമസ്. സാന്ദ്ര തോമസിനെതിരെ ഫെഫ്ക അംഗം റെനി ജോസഫ് വധഭീഷണി മുഴക്കിയെന്ന പരാതിയിലാണ് പൊലീസ് നടപടിയെടുത്തില്ലെന്ന സാന്ദ്രയുടെ ആരോപണം. പരാതി നൽകി രണ്ടുമാസം കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ലെന്ന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു.

പ്രതികൾക്ക് തെളിവ് നശിപ്പിക്കാനുള്ള സാഹചര്യം പാലാരിവട്ടം എസ്എച്ച്ഒ ഒരുക്കിക്കൊടുത്തുവെന്നും പരാതിയിൽ ആരോപണമുണ്ട്. ബി ഉണ്ണി കൃഷ്ണന്റെ നേതൃത്വത്തിൽ ഫെഫ്കയിലെ അംഗങ്ങൾ ഗുണ്ടകളെ പോലെ പെരുമാറുകയാണെന്നും സാന്ദ്രയുടെ പരാതിയിൽ ആരോപിക്കുന്നു.

നേരത്തെ സാന്ദ്ര ആരോപണങ്ങളുമായി മുന്നോട്ട് വന്നതോടെ റെനി ജോസഫിനെ പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്‌സ് യൂണിയൻ അംഗത്വത്തിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ ഈ നടപടി വെറും കണ്ണിൽ പൊടിയിടൽ മാത്രമാണെന്നായിരുന്നു സാന്ദ്രയുടെ പ്രതികരണം. ഭീഷണി സന്ദേശത്തിന്റെ വോയിസ് ക്ലിപ്പ് പുറത്തുവന്നതുകൊണ്ട് മാത്രമാണ് നടപടിയെടുത്തത്. ഭീഷണിയെക്കുറിച്ച് നേരത്തെ തന്നെ ഫെഫ്ക ഭാരവാഹികൾക്ക് അറിയാമായിരുന്നു. അന്ന് ഒരു മുന്നറിയിപ്പ് പോലും കൊടുക്കാത്തവർ ഇപ്പോൾ നടപടിയെടുത്തത് എന്തിനാണെന്നും സാന്ദ്ര ചോദിച്ചിരുന്നു.

Post a Comment

0 Comments