കൊട്ടിയൂർ: കൊട്ടിയൂരിൽ നെയ്യാട്ടം നടത്തി. ഭണ്ഡാരം എഴുന്നള്ളത്ത് ഇന്ന്.ഇന്നലെ അർധരാത്രിയോടെയാണ് നെയ്യാട്ടം തുടങ്ങിയത്. വൈകീട്ടോടെ വയനാട്ടിലെ മുതിരേരി കാവിൽ നിന്നുള്ള വാൾ ഇക്കരെ ക്ഷേത്രത്തിൽ എത്തിച്ചു. സന്ധ്യയോടെ മുതിരേരി മൂഴിയോട് ഇല്ലത്തെ സുരേഷ് നമ്പൂതിരി ഇക്കരെ കൊട്ടിയൂരി''ലെത്തിച്ചേന്നു. വാൾ ഇക്കരെ ക്ഷേത്രത്തിലെ ബലിബിംബങ്ങൾക്കൊപ്പം പ്രതിഷ്ഠിച്ചു.
ചോതി വിളക്ക് തെളിയിക്കുന്നതിനായി കുറ്റിയാടിയിലെ ജാതിയൂർ മഠത്തിൽ നിന്ന് തേടൻ വാര്യർ ഓടയും തീയും എഴുന്നള്ളിച്ചുകൊണ്ടുവന്നു. രാത്രിയോടെ ഓടയും മുളയുമായി സ്ഥാനികർ അക്കരെ പ്രവേശിച്ച് മൺ താലങ്ങളിൽ ചോതി വിളക്ക് തെളിച്ചു. ആദ്യം പടിഞ്ഞീറ്റ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ 'ചോതി പുണ്യാഹം' നടത്തി. മണിത്തറയിൽ പ്രവേശിച്ച ബ്രാഹ്മണർ അഷ്ടബന്ധം നീക്കി പാത്തിവെച്ച് രാശി വിളിച്ച ശേഷമായിരുന്നു നെയ്യാട്ടം.
ജന്മസ്ഥാനികരായ വില്ലിപ്പാലൻ കുറുപ്പിന്റെയും തമ്മേങ്ങാടൻ നമ്പ്യാരുടെയും നെയ്യ് ആദ്യമായി അഭിഷേകം ചെയ്തു. തുടർന്ന് ക്രമമനുസരിച്ച് വിവിധ മഠങ്ങളിൽ നിന്നെത്തിയ വ്രതക്കാരുടെ നെയ്യ് ഏറ്റുവാങ്ങി അഭിഷേകം ചെയ്തു. ഉഷകാമ്പ്രം സ്ഥാനിക ബ്രാഹ്മണനാണ് സ്വയംഭൂവിൽ നെയ്യഭിഷേകത്തിന് കാർമ്മികത്വം വഹിച്ചത്. നെയ്യാട്ടം പുലർച്ചെ വരെ നീണ്ടു. ഇന്ന് രാത്രി മണത്തണ കരിമ്പന ഗോപുരത്തിൽ നിന്ന് ഭണ്ഡാരം എഴുന്നള്ളത്ത് നടക്കും.

0 Comments