കോഴിക്കോട്: ജനതാദൾ (എസ്) അഖിലേന്ത്യാ ജനറൽ സെക്രട്ടറി ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിലുള്ള വിഭാഗം രാഷ്ട്രീയ ജനതാദളിൽ ലയിച്ചു. ലയനസമ്മേളനം ആർജെഡി സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ്‌കുമാർ ജുനൈദ് കൈപ്പാണിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
വർഗീയ ഫാഷിസത്തിനെതിരായി ചെറുതും വലുതുമായ മുഴുവൻ സോഷ്യലിസ്റ്റ് ജനാധിപത്യ ശക്തികളും ഏകീകരിക്കപ്പെടണമെന്നും രാജ്യത്തെ രക്ഷിക്കാനായുള്ള ദേശീയ ബദലിനായി നിലകൊള്ളാൻ ആർജെഡി പ്രതിജ്ഞബദ്ധമാണെന്നും ശ്രേയാംസ്‌കുമാർ പറഞ്ഞു. ഈ ദിശയിൽ സ്വാഗതാർഹമായ നീക്കമാണ് ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിലുള്ള ജനതാദൾ കൈക്കൊണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനാധിപത്യ സോഷ്യലിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സാധാരണക്കാരായ ആളുകളുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് മുന്നോട്ട് പോകുന്ന ആർജെഡിയെ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സോഷ്യലിസ്റ്റുകളുടെ പുനരേകീകരണം യാഥാർഥ്യമാക്കേണ്ട അനിവാര്യമായ രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളതെന്നും ജുനൈദ് കൈപ്പാണി പറഞ്ഞു. ഇതൊരു ലയനമല്ല സോഷ്യലിസ്റ്റ് സഹയാത്രികരുടെ പുനസമാഗമമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
കോഴിക്കോട് സൗഹൃദം സംഗീതവേദി ഹാളിൽ നടന്ന ചടങ്ങിൽ ആർജെഡി കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം. കെ ഭാസ്കരൻ, റോയി മനയ്ക്കപറമ്പിൽ, ബിജു സേവിസ്, മോയിൻ കുട്ടി, അഡ്വ. പി.കെ ജമാലുദ്ദീൻ, കെ.എസ് ശ്രീകല വി.കെ ജാബിർ തുടങ്ങിയവർ പ്രസംഗിച്ചു.
0 Comments