കണ്ണൂരിൽ യുവതി ജീവനൊടുക്കിയ സംഭവം: അറസ്റ്റിലായവർ ‘പാവങ്ങളെ’ന്ന് റസീനയുടെ ഉമ്മ



കണ്ണൂർ: കായലോട് പറമ്പായി സ്വദേശി റസീനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവർ നിരപരാധികളാണെന്ന് റസീനയുടെ ഉമ്മ ഫാത്തിമ. അറസ്റ്റിലായ മൂന്നുപേരും തങ്ങളുടെ ബന്ധുക്കളാണെന്നും, പ്രശ്നക്കാരല്ലെന്നും ഫാത്തിമ പറഞ്ഞു. സഹോദരിയുടെ മകൻ ഉൾപ്പെടെയാണ് അറസ്റ്റിലായിരിക്കുന്നതെന്നും ഫാത്തിമ കൂട്ടിച്ചേർത്തു.

യുവാവിനൊപ്പം കാറിൽ കണ്ടപ്പോൾ, റസീനയെ കാറിൽ നിന്നിറക്കി സ്കൂട്ടറിൽ വീട്ടിലെത്തിക്കുക മാത്രമാണ് അവർ ചെയ്തതെന്ന് ഫാത്തിമ പറയുന്നു. യാതൊരു പ്രശ്നങ്ങൾക്കും പോകാത്ത ചെറുപ്പക്കാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. റസീനയ്ക്ക് അടുപ്പമുണ്ടായിരുന്ന യുവാവ് അവളെ സാമ്പത്തികമായി ചൂഷണം ചെയ്യുകയായിരുന്നു. മൂന്നു വർഷമായി ഈ ബന്ധം നിലവിലുണ്ടായിരുന്നെന്നും, ഈ വിവരം ഇപ്പോഴാണ് തങ്ങൾ അറിയുന്നതെന്നും ഫാത്തിമ വ്യക്തമാക്കി.

40 പവനിലധികം സ്വർണം നൽകിയാണ് റസീനയുടെ വിവാഹം നടത്തിയത്. എന്നാൽ ഇപ്പോൾ സ്വർണമൊന്നുമില്ല, കൂടാതെ റസീന പലരിൽ നിന്നും കടം വാങ്ങിയിരുന്നതായും അറിയുന്നു. സ്വർണവും പണവും മുഴുവൻ കൊണ്ടുപോയത് ഈ യുവാവാണെന്ന് കരുതുന്നതായും റസീനയുടെ ഉമ്മ പറഞ്ഞു. റസീനയുടെ ഭർത്താവ് വളരെ മാന്യനായ വ്യക്തിയാണെന്നും, അദ്ദേഹത്തിന് ഈ കാര്യങ്ങളൊന്നും അറിവിലായിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. യുവാവ് സ്ഥിരമായി റസീനയെ കാണാൻ വരാറുണ്ടായിരുന്നെന്നും ഫാത്തിമ വെളിപ്പെടുത്തി. മയ്യിൽ സ്വദേശിയായ ഈ യുവാവിനെതിരെ പൊലീസിൽ പരാതി നൽകുമെന്നും റസീനയുടെ ഉമ്മ വ്യക്തമാക്കി.
അതേസമയം, റസീനയുടെ ആത്മഹത്യാക്കുറിപ്പിൽ നിന്നുള്ള സൂചനകളെത്തുടർന്നാണ് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാക്കുറിപ്പിൽ തന്റെ മരണവുമായി ആൺസുഹൃത്തിന് ബന്ധമില്ലെന്ന് റസീന സൂചിപ്പിച്ചിരുന്നതായാണ് വിവരം. റസീനയുടെ ആൺസുഹൃത്തിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്തിയതിന് ശേഷമായിരിക്കും കൂടുതൽ നടപടികൾ സ്വീകരിക്കുക.
കഴിഞ്ഞ ഞായറാഴ്ചയാണ് റസീനയെ യുവാവിനൊപ്പം കണ്ടതും ബന്ധുക്കൾ ഇടപെട്ടതും. തുടർന്ന് ചൊവ്വാഴ്ച റസീനയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ കേസിൽ പറമ്പായി സ്വദേശികളായ എം.സി. മൻസിലിൽ വി.സി. മുബഷീർ (28), കണിയാന്റെ വളപ്പിൽ കെ.എ. ഫൈസൽ (34), കൂടത്താൻകണ്ടി ഹൗസിൽ വി.കെ. റഫ്നാസ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ എസ്ഡിപിഐ പ്രവർത്തകരാണെന്ന് പോലീസ് അറിയിച്ചു. യുവാവിനെ ആൾക്കൂട്ട വിചാരണയ്ക്ക് വിധേയനാക്കുകയും മർദിക്കുകയും ചെയ്തുവെന്നും ആരോപണമുണ്ടായിരുന്നു.

Post a Comment

0 Comments