അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്നതിന് മുൻപായി ‘ഗ്രേസ്’ ഡ്രാഗൺ പേടകത്തിൽ നിന്ന് തത്സമയം സംസാരിച്ച് ആക്‌സിയം 4 ദൗത്യത്തിലെ യാത്രികരായ ശുഭാംശു ശുക്ലയും സംഘവും. ബഹിരാകാശത്ത് നിന്ന് ‘നമസ്‌കാരം’ പറഞ്ഞ ശുഭാംശു യാത്ര അവിസ്മരണീയമായിരുന്നുവെന്നും, ലോഞ്ച് പാഡിലിരിക്കുമ്പോൾ വിക്ഷേപണം നടന്നുകഴിഞ്ഞാല്‍ മതിയെന്നായിരുന്നു മനസിലെന്നും പറഞ്ഞു. കുറേ കാലമായി ക്വാറന്‍റീനില്‍ കഴിഞ്ഞിരുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ശുഭാംശുവിന്റെ വാക്കുകള്‍.
അതേസമയം, ആക്സിയം 4 ബഹിരാകാശ ദൗത്യത്തിന്‍റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ശുഭാംശു ശുക്ല നന്ദി പറഞ്ഞു. ബഹിരാകാശത്ത് എത്തിയ നിമിഷം അവിസ്മരണീയമായിരുന്നുവെന്ന് ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല കൂട്ടിച്ചേര്‍ത്തു. ‘ജോയ്’ എന്ന അരയന്നപ്പാവയെക്കുറിച്ച് ലൈവില്‍ പ്രത്യേകം പരാമര്‍ശിക്കാനും ശുഭാംശു ശുക്ല മറന്നില്ല. ഇന്ത്യൻ സംസ്കാരത്തിൽ അരയന്നത്തിന് വലിയ സ്ഥാനമുണ്ട് എന്നായിരുന്നു അദേഹത്തിന്‍റെ വാക്കുകള്‍. ‘ബഹിരാകാശത്തോട് പൊരുത്തപ്പെട്ടുക്കൊണ്ടിരിക്കുന്നു, ഒരു കുട്ടി നടക്കാനും ഭക്ഷണം കഴിക്കാനും പഠിക്കുന്നത് പോലെയുള്ള അവസ്ഥയാണ് ഇപ്പോഴെന്നും’ ശുഭാംശു പറഞ്ഞു.
ബഹിരാകാശത്ത് നിന്ന് ഹിന്ദിയിലും ശുഭാംശു ശുക്ലയുടെ സന്ദേശമുണ്ടായിരുന്നു. ‘വലിയ അഭിമാനം തോന്നുന്നു, എന്‍റെ തോളിലെ ത്രിവർണ്ണ പതാക രാജ്യം മുഴുവൻ എന്‍റെ കൂടെയുണ്ടെന്ന് ഓർമ്മിപ്പിക്കുന്നു. ഈ യാത്രയില്‍ ഞാൻ അഭിമാനിക്കുന്നത് പോലെ രാജ്യം മുഴുവൻ അഭിമാനിക്കണം. ഈ യാത്രയിൽ എല്ലാവരും എന്‍റെ കൂടെയുണ്ടാവണം. വരും ദിവസങ്ങളിൽ ഒരുപാട് ജോലികൾ ചെയ്യാനുണ്ട്, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യം മികച്ച രീതിയിൽ പൂർത്തിയാക്കാൻ ശ്രമിക്കുമെന്നും’ ശുഭാംശു ശുക്ല കൂട്ടിച്ചേര്‍ത്തു.
ഇന്നലെയാണ് ശുഭാംശു ശുക്ല അടക്കം നാല് പേര്‍ ആക്സിയം 4 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്. സ്പേസ് എക്‌സിന്‍റെ ‘ഗ്രേസ്’ ക്രൂ ഡ്രാഗണ്‍ പേടകത്തിലാണ് ഇവരുടെ യാത്ര. മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ആക്‌സിയം 4 ദൗത്യ സംഘത്തിലുള്ള മറ്റംഗങ്ങള്‍. പെഗ്ഗിയാണ് ദൗത്യ കമാന്‍ഡര്‍. ശുഭാംശു ശുക്ലയാണ് ദൗത്യം നയിക്കുന്ന മിഷന്‍ പൈലറ്റ്. ഇന്ന് ഇന്ത്യന്‍ സമയം വൈകിട്ട് നാലരയ്ക്ക് ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്യുമെന്നാണ് വിവരം.
0 Comments