കണ്ണൂർ: കൈക്കൂലി കേസിനെ തുടർന്ന് ഗ്രേഡ് എഎസ്ഐയെ സസ്‌പെൻഡ് ചെയ്തു. പയ്യാവൂർ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് അസി. സബ് ഇൻസ്‌പെക്ടർ ഇബ്രാഹിം സീരകത്തിനെയാണ് കണ്ണൂർ റെയ്ഞ്ച് ഡിഐജി യതീഷ് ചന്ദ്ര സസ്‌പെൻഡ് ചെയ്തത്. മദ്യപിച്ച് വാഹനമോടിച്ചയാളെ കേസിൽ നിന്ന് ഒഴിവാക്കാൻ 14,000 രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് നടപടി എടുത്തിരിക്കുന്നത്.
വാഹനപരിശോധനയ്ക്കിടെ മെയ് 13-ന് രാത്രി 11.30-നാണ് കോട്ടയം അതിരുംപുഴ മാച്ചാത്തി വീട്ടിൽ അഖിൽ ജോണിനെ പയ്യാവൂർ പഴയ പൊലീസ് സ്റ്റേഷന് മുൻവശത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. ബ്രെത്തലൈസർ പരിശോധനയിൽ അഖിൽ മദ്യപിച്ചതായി കണ്ടെത്തി. തുടർന്ന് ഫോൺനമ്പർ വാങ്ങി വിട്ടയച്ചു. അടുത്ത ദിവസം അഖിലിനെ ഫോണിൽ വിളിച്ച് മറ്റൊരാളുടെ പേരിൽ കേസെടുക്കാമെന്നും പകരക്കാരനും കോടതിച്ചെലവിനുമായി 14000 രൂപ നൽകണമെന്നും ഇബ്രാഹിം ആവശ്യപ്പെടുകയും അഖിൽ ഗൂഗിൾ പേ വഴി പണം നൽകുകയും ചെയ്തു.
സംഭവത്തെക്കുറിച്ച് നർക്കോട്ടിക് ഡിവൈഎസ്പി പ്രാഥമിക അന്വേഷണം നടത്തി ഡിഐജിക്ക് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. ഇബ്രാഹിം സീരകത്തിനെ കുടിയാന്മല സ്റ്റേഷനിലേക്ക് കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയിരുന്നു. അതിനിടെയാണ് സസ്‌പെൻഷൻ. സംഭവത്തിൽ ഇബ്രാഹിമിന്റെ ഭാഗം കേട്ട് റിപ്പോർട്ട് നൽകാൻ കണ്ണൂർ റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

0 Comments