പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ, പാകിസ്താനിലെ റാവൽപിണ്ടിയിലെ നൂർ ഖാൻ വ്യോമതാവളവും പഞ്ചാബ് പ്രവിശ്യയിലെ പിഎഎഫ് ബേസ് റഫീഖി എന്നറിയപ്പെടുന്ന ഷോർകോട്ട് വ്യോമതാവളവും ഇന്ത്യ ആക്രമിച്ചുവെന്ന് ഇസ്ഹാഖ് ദാർ സമ്മതിച്ചു. ഈ ഘട്ടത്തിൽ മധ്യസ്ഥതയ്ക്കായി അമേരിക്കയുടെയും സൗദി അറേബ്യയുടെയും സഹായം തേടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുലർച്ചെ 2:30-ന് ഇന്ത്യ മിസൈൽ ആക്രമണം നടത്തിയെന്നും, നൂർ ഖാൻ, ഷോർകോട്ട് വ്യോമതാവളങ്ങൾ ആക്രമിക്കപ്പെട്ടുവെന്നും ദാർ വെളിപ്പെടുത്തി. “45 മിനിറ്റിനുള്ളിൽ സൗദി രാജകുമാരൻ ഫൈസൽ എന്നെ വിളിച്ചു. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായുള്ള സംഭാഷണത്തെക്കുറിച്ച് അറിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറിയുമായി സംസാരിച്ച് വെടിനിർത്തലിനെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ, നിങ്ങൾ തയ്യാറാകുമോ എന്ന് ചോദിച്ചു. തയ്യാറാണെന്ന് ഞാൻ പറഞ്ഞു. പിന്നീട് അദ്ദേഹം എന്നെ തിരികെ വിളിച്ചു, എസ്. ജയശങ്കറുമായി സംസാരിച്ച് ഇക്കാര്യം അറിയിച്ചുവെന്ന് പറഞ്ഞു,” ദാർ വ്യക്തമാക്കി.
26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഓപ്പറേഷൻ സിന്ദൂർ എന്ന സൈനിക നടപടിയിലൂടെ ഇന്ത്യ പാകിസ്താനെതിരെ ശക്തമായി തിരിച്ചടിച്ചിരുന്നു. ഈ സൈനിക നടപടിയിൽ നിരവധി ഭീകരവാദികളെയും അവരുടെ താവളങ്ങളെയും ഇന്ത്യ തകർത്തു. പിന്നീട്, നയതന്ത്രതലത്തിലുള്ള ചർച്ചകളിലൂടെ ഇരു രാജ്യങ്ങളും വെടിനിർത്തൽ ധാരണയിലെത്തുകയായിരുന്നു.

0 Comments