ലണ്ടന്‍: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ ഇന്ത്യന്‍ താരം കരുണ്‍ നായര്‍ക്ക് പരിക്ക് പറ്റി. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് മുമ്പ് ഇന്ത്യൻ ടീമിനെ ആശങ്കയിലാക്കുന്നതാണ് കരുണിന്റെ പരിക്ക്. വെള്ളിയാഴ്ച ആരംഭിക്കുന്ന ഒന്നാം ടെസ്റ്റിന് മുന്നോടിയായുള്ള പരിശീലനത്തിനിടെ ഫാസ്റ്റ് ബൗളര്‍ പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ പന്ത് കരുൺ നായരുടെ വാരിയെല്ലില്‍ ഇടിക്കുകയായിരുന്നു. പന്ത് തട്ടിയ ശേഷം അസ്വസ്ഥനായി കാണപ്പെട്ട കരുണ്‍ പിന്നീട് ബാറ്റിങ് തുടരുകയായിരുന്നു. താരത്തിന്റെ പരിക്കിന്റെ കാര്യത്തില്‍ കൂടുതല്‍ വ്യക്തത വന്നിട്ടില്ല.
എട്ട് വര്‍ഷത്തിന് ശേഷമാണ് കരുണ്‍ നായർ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയത്. പക്ഷേ പരിക്ക് ഗുരുതരമാണെങ്കില്‍ കരുണിന് പരമ്പര തന്നെ നഷ്ടമായേക്കുമോ എന്ന ആശങ്കയിലാണ് ഇന്ത്യ. സമീപകാലത്ത് ആഭ്യന്തര ക്രിക്കറ്റില്‍ കാഴ്ചവെച്ച മികച്ച പ്രകടനമാണ് കരുണിന് വീണ്ടും ടീമിലേക്ക് വഴിതുറന്നത്. സ്ഥിരതയാര്‍ന്ന ബാറ്റിങ് പ്രകടനം കാഴ്ചവച്ച അദ്ദേഹം ഇംഗ്ലണ്ടില്‍ പരിശീലന മത്സരങ്ങളിലും തിളങ്ങി. വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും വിരമിച്ചതോടെ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ വലിയ വിടവാണുള്ളത്. ഇത് നികത്താന്‍ കരുണിന്റെ പരിചയസമ്പത്ത് സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. താരത്തിന് കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ സായ് സുദര്‍ശന്‍ ഒരുപക്ഷേ മൂന്നാം നമ്പറില്‍ ഇന്ത്യയ്ക്കായി കളിക്കുമെന്നാണ് വിവരം.
നേരത്തേ ഇംഗ്ലണ്ട് ആദ്യ ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചിരുന്നു. ക്രിസ് വോക്‌സ് ടീമില്‍ തിരിച്ചെത്തി. ജേക്കബ് ബെഥെലിന് പകരം ഒലി പോപ്പും ടീമിലെത്തി. കണങ്കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് മത്സരങ്ങള്‍ നഷ്ടമായ ക്രിസ് വോക്‌സ്, സാം കുക്കിന് പകരമാണ് ടീമിലിടം പിടിച്ചത്. പേശീവലിവിനെ തുടര്‍ന്ന് ബുദ്ധിമുട്ടുന്ന ഗസ് ആറ്റ്കിന്‍സണ് പകരം ബ്രൈഡണ്‍ കാര്‍സും ടീമിലെത്തി. അതേസമയം ഇന്ത്യ രണ്ട് ഓള്‍റൗണ്ടര്‍മാരെ കളിത്തിലിറക്കിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. രവീന്ദ്ര ജഡേജ സ്ഥാനം ഉറപ്പിക്കുമ്പോള്‍ നിതീഷ് കുമാര്‍ റെഡ്ഡി, ശാര്‍ദുല്‍ താക്കൂര്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരില്‍ ഒരാള്‍ രണ്ടാം ഓള്‍റൗണ്ടറാകും.

0 Comments