അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ വിമാനദുരന്തത്തില്‍ മരിച്ച അഞ്ച് പേരെ കൂടി തിരിച്ചറിഞ്ഞു. 220 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞിരിക്കുന്നത്. ഇതില്‍ 157 പേര്‍ ഇന്ത്യക്കാരും 34 പേര്‍ യുകെ പൗരന്മാരും ഏഴ് പേര്‍ പോര്‍ച്ചുഗീസുകാരുമാണ്. ഇതുവരെ 202 മൃതദേഹങ്ങള്‍ വിട്ടുനല്‍കി. അപകടത്തില്‍ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം ഇതുവരേയും തിരിച്ചറിഞ്ഞിട്ടില്ല.
വിമാനത്തില്‍ നിന്നും ലഭിച്ച ബ്ലാക്ക് ബോക്‌സ് എവിടെയാണ് പരിശോധനയ്ക്ക് അയക്കേണ്ടതെന്ന് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ തീരുമാനമെടുക്കുമെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. രണ്ട് വ്യത്യസ്ത ബ്ലാക്ക് ബോക്‌സാണ് വിമാനത്തില്‍ നിന്ന് കണ്ടെത്തിയത്. വിമാനത്തിന്റെ സുപ്രധാന വിവരങ്ങളടങ്ങിയ ബ്ലാക്ക് ബോക്സിന് സാരമായ കേടുപാടുകളുണ്ടെന്നാണ് വിലയിരുത്തല്‍. ഡിജിറ്റല്‍ ഫ്‌ളൈറ്റ് ഡാറ്റാ റെക്കോര്‍ഡറിനാണ് കേടുപാട് പറ്റിയത്.
അതേസമയം ജൂണ്‍ 12ന് ഉച്ചയ്ക്ക് 1.39നായിരുന്നു രാജ്യത്തെ നടുക്കിയ ദുരന്തം ഉണ്ടായത്. അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ വിമാനമായിരുന്നു അപകടത്തില്‍പ്പെട്ടത്. 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരാളൊഴികെ 241 പേരും മരിച്ചു. പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു വിമാനം ഇടിച്ചിറങ്ങിയത്. ബി ജെ മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മെസ്സിലേയ്ക്കും പിജി വിദ്യാര്‍ത്ഥികളും സ്പെഷ്യല്‍ വിഭാഗത്തിലുള്ളവരും താമസിക്കുന്ന ഹോസ്റ്റലിലേക്കുമായിരുന്നു വിമാനം ഇടിച്ചിറങ്ങിയത്. അപകടത്തില്‍ മരിച്ചവര്‍ക്കും രക്ഷപ്പെട്ടവര്‍ക്കുമായി എയര്‍ ഇന്ത്യ സഹായധനം പ്രഖ്യാപിച്ചിരുന്നു.
മരിച്ചവര്‍ക്കും പരിക്കുകളോടെ രക്ഷപ്പെട്ടവര്‍ക്കും 25 ലക്ഷം രൂപ വീതം അടിയന്തരമായി നല്‍കാനായിരുന്നു തീരുമാനം. ടാറ്റാ ഗ്രൂപ്പ് പ്രഖ്യാപിച്ച ഒരു കോടി രൂപയ്ക്ക് പുറമെയാണിത്. ഇതോടെ ആകെ ധനസഹായമായി 1.25 കോടി രൂപ വീതം വിതരണം ചെയ്യും. ഇതിന് പുറമെ അപകടത്തില്‍ പരിക്കേറ്റവരുടെ മുഴുവന്‍ ചികിത്സാ ചെലവും വഹിക്കുമെന്നും ടാറ്റാ ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. ടാറ്റാ ഗ്രൂപ്പിന്റെ ചരിത്രത്തിലെ ഇരുണ്ട ദിനങ്ങളിലൊന്ന് എന്നാണ് ചെയര്‍മാന്‍ സഹപ്രവര്‍ത്തകര്‍ക്ക് അയച്ച കത്തില്‍ പറഞ്ഞത്.

0 Comments