കൊച്ചിയിൽ പ്രാർഥനാ പരിപാടിയിൽ പാകിസ്താൻ പതാക; പാസ്റ്റർക്കെതിരെ കേസ്


കൊച്ചി: ഉദയംപേരൂരിൽ പാസ്റ്റർമാർ സംഘടിപ്പിച്ച പ്രാർഥനാ പരിപാടിയിൽ പാകിസ്താൻ പതാക ഉപയോഗിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. തൃപ്പൂണിത്തുറ കണ്ടനാട് കവലക്കടുത്തുള്ള ജീസസ് ജനറേഷൻ ഓഡിറ്റോറിയം ഉടമ കുരക്കാട് ജെയ്‌നഗര് കല്ലിങ്കത്തറ വീട്ടിൽ ദീപു ജേക്കബ് (44)എതിരെയാണ് ഉദയംപേരൂർ പൊലീസ് കേസെടുത്തത്.

ഇയാളുടെ നേതൃത്വത്തിലാണ് പ്രാർഥന നടത്തിയതെന്ന് പൊലീസ് പറയുന്നു. ഈമാസം ഏഴാം തീയതിയാണ് ഓഡിറ്റോറിയത്തിൽ നടന്ന പാസ്റ്റർമാരുടെ യോഗത്തിൽ വിവിധ രാജ്യങ്ങളുടെ പതാകക്കൊപ്പം പാക് പതാകയും പരസ്യമായി പ്രദർശപ്പിച്ചത്. ബിജെപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. ഓഡിറ്റോറിയത്തിന്റെ ശുചിമുറിക്കടുത്ത് നിന്നാണ് പാക് പതാക കണ്ടെടുത്തത്. ഇത് പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.

എന്നാൽ ഒന്നര വർഷം മുമ്പ് ചൈനയിൽ നിന്നാണ് 20 രാജ്യങ്ങളുടെ പതാക വാങ്ങിയതെന്നാണ് ഓഡിറ്റോറിയം ഉടമ പൊലീസിനോട് പറഞ്ഞത്. വിവിധ രാജ്യങ്ങൾക്കായുള്ള പ്രാർഥനയിൽ ഈ പതാകകൾ ഉപയോഗിക്കാറുണ്ടെന്നും അദ്ദേഹം മൊഴി നൽകിയിട്ടുണ്ട്.

Post a Comment

0 Comments