വാഷിങ്ടൺ: 12 രാജ്യങ്ങളിലെ പൗരൻമാർക്ക് അമേരിക്കയിലേക്ക് സമ്പൂർണ പ്രവേശന വിലക്ക് ഏർപ്പെടുത്തി. യാത്രാ വിലക്ക് ഏർപ്പെടുത്തിയ ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബുധനാഴ്ച ഒപ്പിട്ടു. ഇന്ത്യയുടെ അയൽരാജ്യമായ മ്യാൻമറിലെ പൗരൻമാർക്കും അമേരിക്കയിലേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഭീകരവാദബന്ധം, അമേരിക്കൻ ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റുമായുള്ള സഹകരണത്തിന്റെ അഭാവം, മറ്റു നടപടികളുടെ അപര്യാപ്തത എന്നിവ ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
ഇറാൻ, അഫ്ഗാനിസ്ഥാൻ, മ്യാൻമർ, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയൽ ഗിനിയ, എറിത്രിയ, ഹെയ്തി, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ എന്നീ 12 രാജ്യങ്ങളിലെ പൗരൻമാർക്കാണ് സമ്പൂർണ യാത്രാ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ബുറുണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോൺ, ടോഗോ, തുർക്കമനിസ്ഥാൻ, വെനിസ്വേല എന്നീ രാജ്യങ്ങളിലെ പൗരൻമാർക്ക് അമേരിക്കയിലേക്ക് പ്രവേശിക്കാൻ ഭാഗിക നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ബി-1, ബി-2, ബി-1/ബി-2, എഫ്, എം, ജെ എന്നീ വിസകളായിരിക്കും ഏഴ് രാജ്യങ്ങളിലെ പൗരൻമാർക്ക് നിഷേധിക്കുക.
അഫ്ഗാനിസ്ഥാൻ ഭരണകൂടത്തിലെ താലിബാൻ നിയന്ത്രണം, ഇറാൻ, ക്യൂബ എന്നീ രാജ്യങ്ങളിലെ ഭരണകൂടങ്ങൾക്കുള്ള ഭീകരരുടെ പിന്തുണ, ബൈഡൻ ഭരണകാലത്ത് ഹെയ്തിയിലേക്കുള്ള അനധികൃത കുടിയേറ്റക്കാരുടെ കടന്നുകയറ്റം എന്നിവ ചൂണ്ടിക്കാട്ടിയാണ് ഈ നടപടിയെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അതേസമയം യാത്രാവിലക്ക് നടപടി അമേരിക്കൻ സുപ്രീം കോടതി ശരിവെച്ചതാണെന്ന് ട്രംപ് പറഞ്ഞു. ‘‘ചിലർ ഇതിനെ ‘ട്രംപ് യാത്രാ വിലക്ക്’ എന്ന് വിളിക്കുന്നു. സുപ്രീം കോടതി ഭീകരരെന്ന് ശരിവെച്ചവരെ നമ്മുടെ രാജ്യത്തേക്ക് കടക്കുന്നത് തടയും.’’ – ട്രംപ് പറഞ്ഞു. യാത്രാ നിരോധനം സംബന്ധിച്ച തീരുമാനങ്ങൾ പൂർണമായും പ്രസിഡന്റിന്റെ അധികാര പരിധിക്കുള്ളിലുള്ളതാണെന്ന് അമേരിക്കൻ സുപ്രീം കോടതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

0 Comments