വന്യമൃഗ ശല്യം രൂക്ഷം; കൃഷിയിടങ്ങളിലെ കാട് നീക്കം ചെയ്യണം: ജനകീയ സമിതി

 

മാനന്തവാടി: മാനന്തവാടി നഗരസഭ പരിധിയിലെ ചെറൂര്‍, ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളില്‍ സ്ഥലം വാങ്ങിയിട്ട് വര്‍ഷങ്ങളായി കൃഷി ചെയ്യാതെ കൃഷിയിടങ്ങള്‍ വനത്തിന് തുല്യമായി മാറി കൊണ്ടിരിക്കുകയും വന്യമൃഗശല്യം രൂക്ഷമാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ നാട്ടുകാര്‍ ജനകീയ സമിതി രൂപീകരിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുള്ള നിരവധി പേര്‍ സ്ഥലം വാങ്ങിയിട്ട് പോയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രദേശത്തേക്ക് എത്തുന്നില്ല. ഇത്തരം ഭൂമികള്‍ കാടുകള്‍ കയറി വന്യജീവികളുടെ കേന്ദ്രമായി മാറുകയാണ്. ഇത് കൊണ്ട് ഇവിടെ വന്യ ജീവി ശല്യം രൂക്ഷമാണ്.  ആന, മാന്‍, കുരങ്ങ്, കടുവ, പന്നി മയില്‍ എന്നിവ പ്രദേശത്ത് പകല്‍ സമയത്ത് പോലും കൃഷിയിടങ്ങളില്‍ എത്തിക്കൃഷി നശിപ്പിക്കുന്നത് നിത്യസംഭവമാണ്. നശിപ്പിക്കുന്ന കൃഷിക്ക് അര്‍ഹതപ്പെട്ട നഷ്ടപരിഹാരവും യഥാസമയം ലഭിക്കുന്നില്ല. കാട് മൂടിയതോട്ടങ്ങള്‍ ഉടമകള്‍ കാട് നീക്കുന്നതിന് തയ്യാറാകുന്നില്ലെങ്കില്‍ ജില്ലാ കളക്ടര്‍ക്ക് ഉള്‍പ്പെട പരാതി നല്‍കും. നടപടിയില്ലങ്കില്‍ ഭൂമിയിലെ കാടുകള്‍ ജനകീയ സമരസമതി നീക്കം ചെയ്ത് ഭൂരഹിതരായവരെ ഭൂമിയില്‍ കുടില്‍ കെട്ടി താമാസിപ്പിക്കുമെന്ന് ജനകീയ സമതി യോഗം മുന്നറിയിപ്പ് നല്‍കി.

കാട് മൂടി കിടക്കുന്ന തോട്ടങ്ങളുടെ സമീപത്തെ പറമ്പുകളില്‍ കൃഷിപണിയെടുക്കുന്നത് ജീവന്‍ പണയം വെച്ചാണ്. എതു സമയത്തും വന്യജീവികള്‍ ആക്രമിക്കുമെന്ന സ്ഥിതിയാണ്. വര്‍ഷങ്ങള്‍ക്ക്  മുൻപ് കടുവ ഭീതി പടര്‍ത്തിയ സ്ഥലമാണിത്. പ്രദേശത്തെ കര്‍ഷകരുടെയും നാട്ടുകാരുടെയും  നേതൃത്വത്തിലാണ് ജനകീയ സമതി രൂപികരിച്ചത്. ചെയര്‍മാനായി എന്‍.കെ കുര്യനെയും കണ്‍വീനറായി ലീജിഷ് നാരായണനെയും തെരഞ്ഞെടുത്തു. ഇ.ജെ ബാബു, സി.ജെ അബ്രഹാം, സണ്ണി കാവിഞ്ചിക്കല്‍, ഇ.വി ബാബു എന്നിവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments