ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി ഇന്ത്യ മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൃത്രിമബുദ്ധി, സെമികണ്ടക്ടർ, ക്വാണ്ടം കമ്പ്യൂട്ടിംഗ് എന്നിവയിലെ ദൗത്യങ്ങൾ വളർച്ചയുടെ പുതിയ എഞ്ചിനുകളായി മാറുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയിലെ ഇന്ത്യന്‍ പ്രവാസികളെ അഭിസംബോധന ചെയ്തുകൊണ്ടാണ് മോദി ഈക്കാര്യം വ്യക്തമാക്കിയത്. കൂടാതെ പുതിയ ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ആകാശം പോലും പരിധിയല്ല എന്നും അദ്ദേഹം വേദിയിൽ കൂട്ടിച്ചേർത്തു. ട്രിനിഡാഡ് ആൻഡ് ടൊബാഗോയുടെ പ്രധാനമന്ത്രി കമല പെർസാദ്-ബിസെസ്സർ, മന്ത്രിസഭയിലെ അംഗങ്ങൾ, നിയമനിർമ്മാതാക്കൾ, തുടങ്ങി നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുത്തിരുന്നു.
1999 ന് ശേഷം ഈ കരീബിയൻ ദ്വീപ് രാഷ്ട്രത്തിലേക്ക് ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനം കൂടിയാണ് മോദിയുടേത്. അതേസമയം അയോധ്യയിൽ രാമക്ഷേത്രത്തിന്റെ ഒരു പകർപ്പും സരയു നദിയിൽ നിന്നുള്ള വെള്ളവും രാജ്യത്തേക്ക് കൊണ്ടുവന്നതായും ഈ പുണ്യജലം ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ ജനങ്ങളെ അനുഗ്രഹിക്കട്ടെ,എന്നും മോദി കൂട്ടിച്ചേർത്തു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ പ്രതിരോധശേഷിയും അതിന്റെ ഉയർച്ചയും പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ ആവർത്തിച്ച് പറഞ്ഞിരുന്നു. കൂടാതെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഹബ്ബാണെന്നും ഈ സ്റ്റാർട്ടപ്പുകളിൽ ഏകദേശം പകുതിയിലും സ്ത്രീകൾ ഡയറക്ടർമാരായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു .
0 Comments