ദില്ലി : അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യം പൂർത്തിയാക്കി ഇന്ത്യയിൽ തിരിച്ചെത്തിയ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. പാർലമെന്റിൽ എത്തുന്ന ശുഭാംശു ശുക്ലയെ എംപിമാരുടെ നേതൃത്വത്തിൽ ആദരിക്കും. പാർലമെന്റിൽ ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്രയെക്കുറിച്ച് പ്രത്യേക ചർച്ച നടത്തും.
2047ൽ ഇന്ത്യ വികസിത ഭാരതമാകുക എന്ന നേട്ടത്തിലേക്ക് ബഹിരാകാശ ദൗത്യങ്ങൾ വഹിക്കുന്ന പങ്കിനെക്കുറിച്ചും ചർച്ചയിൽ പരാമർശമുണ്ടാകും. ഓഗസ്റ്റ് 23ന് നടക്കുന്ന ദേശിയ ബഹിരാകാശ ദിനാഘോഷത്തിൽ ശുഭാംശു ശുക്ല മുഖ്യാതിഥിയായി പങ്കെടുക്കും.
ആക്സിയം-4 ദൗത്യത്തിന്റെ ഭാഗമായിരുന്ന അദ്ദേഹം ജൂൺ 26-നാണ് ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ എത്തിയത്. ദൗത്യത്തിന്‍റെ ഭാഗമായി 18 ദിവസം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ ചെലവഴിച്ച ശേഷം ജൂലൈ 15 ന് അദ്ദേഹം തിരികെ എത്തി.
നാസ, ആക്സിയം, സ്പേസ്എക്സ് എന്നിവിടങ്ങളിൽ നിന്നുള്ള അദ്ദേഹത്തിന്റെ പരിശീലനാനുഭവങ്ങൾ ഗഗൻയാൻ ദൗത്യം (2027), ഭാരതീയ അന്തരിക്ഷ് സ്റ്റേഷൻ (2035), ചന്ദ്രനിലേക്കുള്ള യാത്രിക ദൗത്യം (2040) അടക്കം ഇന്ത്യയുടെ ഭാവി ബഹിരാകാശ പദ്ധതികൾക്ക് ഉപയോഗപ്പെടുമെന്നാണ് രാജ്യം പ്രത്യാശിക്കുന്നത്.
ഇന്ത്യയിലേക്കുള്ള മടക്കയാത്രയെ കുറിച്ച് ശുഭാംശു സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.
"തിരികെയെത്തുമ്പോൾ സമ്മിശ്ര വികാരമാണുണ്ടാകുന്നതെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ഒരു വർഷം മുഴുവൻ ദൗത്യത്തിൽ എന്റെ സുഹൃത്തുക്കളും കുടുംബവും പോലെയായിരുന്ന ഒരു കൂട്ടം മികച്ച ആളുകളെ വിട്ടുപോരുന്നതിൽ സങ്കടമുണ്ട്. അതേസമയം, ദൗത്യത്തിനു ശേഷം ആദ്യമായി എന്റെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും രാജ്യത്തെ എല്ലാവരെയും കാണാൻ കഴിയുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഇതാണ് ജീവിതമെന്ന് ഞാൻ കരുതുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
0 Comments