കൊച്ചി: സിപിഎമ്മിലെ പുതിയ കത്ത് വിവാദത്തിൽ പ്രതികരണവുമായി മന്ത്രി ആർ ബിന്ദുവും തോമസ് ഐസക്കും. തലശ്ശേരിയിലെ വ്യവസായിയുടെ വെളിപ്പെടുത്തൽ എല്ലാം അസംബന്ധമാണെന്നും ആരോപണങ്ങൾ പിൻവലിച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും തോമസ് ഐസക് പറഞ്ഞു. വിവാദ കത്ത് ചോർന്നു കിട്ടി എന്നാണ് പറയുന്നത്. ആരോപണം ഉന്നയിച്ച ആൾ തന്നെ മാസങ്ങൾക്ക് മുൻപ് ഫേസ് ബുക്കിൽ ഇട്ട കത്ത് അല്ലെ അത്. അതെങ്ങനെ രഹസ്യ രേഖയാകും. രാജേഷ് കൃഷ്ണയെ അറിയാം, വിളിച്ചിട്ടുണ്ടെന്നും തോമസ് ഐസക് പറഞ്ഞു.
ബെനാമി എന്ന് പറഞ്ഞത് അസംബന്ധമാണ്. അത് പിൻവലിച്ചില്ലെങ്കിൽ ഷെർഷാദിനെതീരെ നിയമ നടപടി സ്വീകരിക്കും. ഷെർഷാദ് ആരാണെന്ന് അന്വേഷിച്ചു നോക്കണം. ഇയാൾക്കെതിരെ മൂന്ന് കോടതി ഉത്തരവ് ഉണ്ട്. ഷെർഷാദിന്റെ ബാങ്ക് വായ്പ മുടങ്ങിയപ്പോൾ താൻ വിളിച്ചിട്ടുണ്ട്. പലരുടെയും വായ്പ മുടങ്ങിയ ഘട്ടത്തിൽ വിളിച്ചിട്ടുണ്ടെന്നും തോമസ് ഐസക് പറഞ്ഞു. 10 മാസങ്ങൾ കഴിഞ്ഞ് വിവാദമാക്കിയതിന് പിന്നിൽ വലിയ ചിന്തയുണ്ടെന്നും കത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടോ എന്ന ചോദ്യത്തിന് തനിക്ക് വേറെ പണിയുണ്ടെന്നുമാണ് തോമസ് ഐസകിൻ്റെ പ്രതികരണം
അതേസമയം കത്ത് വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പാർട്ടിയിൽ ഉത്തരവാദപ്പെട്ടവരോട് ചോദിക്കണമെന്നായിരുന്നു മന്ത്രി ആർ ബിന്ദുവിൻ്റെ പ്രതികരണം. പാർട്ടിക്ക് കിട്ടിയ കത്ത് സംബന്ധിച്ച് എല്ലാ വിശദാംശങ്ങളും മനസ്സിലാക്കാവുന്ന നിലയിലേക്ക് താൻ ഉയർന്നിട്ടില്ല. പാർട്ടിയിൽ സംസ്ഥാന കമ്മിറ്റി അംഗം മാത്രമാണ്. പാർട്ടി സംസ്ഥാന സെക്രട്ടറിയോടോ ജനറൽ സെക്രട്ടറിയോടോ ചോദിക്കണമെന്നും വയനാട്ടിൽ മാധ്യമപ്രവർത്തകരോട് മന്ത്രി ബിന്ദു പ്രതികരിച്ചു.
0 Comments