അടൂർ ഗോപാലകൃഷ്ണനെതിരെ പൊലീസിൽ പരാതി; 'വിവാദ പരാമർശം എസ് സി - എസ് ടി ആക്ട് പ്രകാരം കുറ്റകരം', എസ് സി - എസ് ടി കമ്മീഷനും പരാതി

 

തിരുവനന്തപുരം: ഫിലിം കോൺക്ലേവ് സമാപന ചടങ്ങിലെ വിവാദ പരാമർശത്തിൽ പ്രശസ്ത സംവിധായകനായ അടൂർ ഗോപാലകൃഷ്ണനെതിരെ പൊലീസിൽ പരാതി. സാമൂഹിക പ്രവർത്തകൻ ദിനു വെയിൽ ആണ് മ്യൂസിയം സ്റ്റേഷനിൽ പരാതി നൽകിയത്. അടൂരിന്റെ പരാമർശങ്ങൾ എസ് സി - എസ് ടി ആക്ട് പ്രകാരം കുറ്റകരമെന്ന് പരാതിയിൽ പറയുന്നു. എസ് സി - എസ് ടി കമ്മീഷനും ദിനു വെയിൽ പരാതി നൽകിയിട്ടുണ്ട്.

പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് പരിശീലനം നല്‍കണമെന്നായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശം. ചലച്ചിത്ര കോര്‍പ്പറേഷന്‍ വെറുതെ പണം നല്‍കരുതെന്നും ഒന്നര കോടി നല്‍കിയത് വളരെ കൂടുതലാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. സ്ത്രീകളായത് കൊണ്ട് മാത്രം അവസരം കൊടുക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ത്രീവിരുദ്ധ പരാമര്‍ശം സ്ത്രീപക്ഷ വിഷയം ചര്‍ച്ച ചെയ്യാന്‍ ലക്ഷ്യമിട്ട കോൺക്ലേവിലാണ് അടൂര്‍ ഗോപാലകൃഷ്ണന്റെ അധിക്ഷേപ പരാമര്‍ശം.

അതേസമയം, അടൂർ ഗോപാലകൃഷ്ണൻ അധിക്ഷേപ പരാമര്‍ശത്തിനെതിരെ സംവിധായകൻ ഡോ. ബിജു രം​ഗത്തെത്തി. പുറത്തുവന്നത് ഫ്യൂഡൽ ചിന്താഗതിയെന്ന് സംവിധായകൻ ഡോ. ബിജു വിമർശിച്ചു. അടൂരിനെ പോലുള്ളവർ കൂടുതൽ സാമൂഹിക ബോധ്യത്തോടെ പെരുമാറണം. പട്ടിക വിഭാഗക്കാർക്കും വനിതകൾക്കും മാത്രം പരിശീലനം എന്തിനാണെന്ന് ഡോ. ബിജു ചോദിച്ചു. ഇവർ കഴിവില്ലാത്തവരാണ് എന്ന ബോധ്യത്തിൽ നിന്നാണ് അടൂരിന്റെ വാക്കുകളെന്നും ഡോക്ടർ ബിജു പറഞ്ഞു.

ദളിത്, സ്ത്രീ സംവിധായകർക്ക് സിനിമയെടുക്കാൻ ഗ്രാൻ നൽകാനുള്ള സർക്കാർ തീരുമാനം ധീരമാണെന്ന് കെ.എസ്.എഫ്.ഡി.സി ചെയർമാൻ കെ മധു പ്രതികരിച്ചു. സർക്കാർ നയം ചലച്ചിത്ര വികസന കോർപ്പറേഷൻ പിന്തുടരും. അടൂർ ഗോപാലകൃഷ്ണനും ശ്രീകുമാരൻ തമ്പിയും ഗുരുസ്ഥാനീയരായതിനാൽ വിവാദപരാമർശങ്ങളിൽ കൂടുതൽ പറയുന്നില്ലെന്നും കെ മധു പറഞ്ഞു.

Post a Comment

0 Comments