ഛത്രസാല്‍ സ്റ്റേഡിയം കൊലപാതക കേസ്: ഗുസ്തി താരം സുശീല്‍ കുമാറിന്റെ ജാമ്യം റദ്ദാക്കി സുപ്രീം കോടതി, ഒരാഴ്ചയ്ക്കുള്ളില്‍ കീഴടങ്ങണം

നാഷണല്‍ ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ ധങ്കറിന്റെ കൊലപാതക കേസിലെ മുഖ്യ പ്രതിയും ഇരട്ട ഒളിമ്പിക് മെഡല്‍ ജേതാവുമായ സുശീല്‍ കുമാറിന്റെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ സ്വയം കീഴടങ്ങാനും സുപ്രീം കോടതി ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ മാര്‍ച്ച് മാസം ഡല്‍ഹി ഹൈക്കോടതി സുശീല്‍ കുമാറിന് ജാമ്യം അനുവദിച്ചിരുന്നു. 50,000 രൂപയുടെ ജാമ്യ ബോണ്ടും സമാനമായ തുകയുടെ രണ്ട് ആള്‍ജാമ്യവും നല്‍കി ജസ്റ്റിസ് സഞ്ജീവ് നരുല താരത്തിന് സ്ഥിരം ജാമ്യം അനുവദിക്കുകയായിരുന്നു. ഇതിന് മുമ്പ് 2023 ജൂലൈ മാസത്തില്‍ കാല്‍മുട്ട് ശസ്ത്രക്രിയ നടത്തുന്നതിലേക്ക് ഏഴ് ദിവസത്തെ ഇടക്കാല ജാമ്യവും സുശീല്‍കുമാറിന് ലഭിച്ചിരുന്നു.
തെറ്റായ ഉത്തരവിന്മേലാണ് സുശീല്‍ കുമാറിന് ജാമ്യം അനുവദിച്ചിരിക്കുന്നതെന്നും അതിനാലാണ് സാഗര്‍ ധങ്കറിന്റെ പിതാവ് അശോക് ധങ്കര്‍ സമര്‍പ്പിച്ച അപ്പീലില്‍ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയതെന്നും പരാതിക്കാരന്റെ അഭിഭാഷകയായ ജോഷിനി തുലി ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.

‘ആ ഉത്തരവ് തെറ്റായിരുന്നു. ഞങ്ങള്‍ അതിനെ സുപ്രീംകോടതിക്ക് മുമ്പാകെ തുറന്നുകാട്ടി. ഇടക്കാല ജാമ്യം ലഭിച്ചപ്പോഴെല്ലാം സുശീല്‍ കുമാര്‍ സാക്ഷികളെ സ്വാധീനിച്ചിരുന്നു. പ്രധാന സാക്ഷി കേസിനെ പിന്തുണച്ച് മുന്നോട്ട് വന്നതും സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും ഉണ്ടായിരുന്നതും മുഖവിലക്കെടുത്താണ് ഇന്ന് ഈ അപ്പീല്‍ അനുവദിച്ചത്.’- അഭിഭാഷക ജോഷിനി തുലി വ്യക്തമാക്കി.

Post a Comment

0 Comments