തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ചിറക്കലിൽ കാരണം കാണിക്കൽ നോട്ടീസിന് ഇന്ന് മറുപടി നൽകും. യൂറോളജി വിഭാഗത്തിലെ ഉപകരണം കാണാതായെന്ന കണ്ടെത്തലിൽ വകുപ്പുതല അന്വേഷണം പുരോഗമിക്കുകയാണ്.
ഹാരിസ് ചിറക്കൽ ഉന്നയിച്ച കാര്യങ്ങൾ അന്വേഷിച്ച നാലംഗ വിദഗ്ധസമിതി ഡോക്ടറിന്റേത് സർവീസ് ചട്ടലംഘനം ആണെന്ന് കണ്ടെത്തിയിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹാരിസ് ചിറക്കലിനോട് വിശദീകരണം തേടിയിട്ടുള്ളത്. ഡോക്ടർ തുറന്നു പറച്ചിൽ നടത്തിയ കാര്യങ്ങൾ അടക്കം റിപ്പോർട്ടിൽ വിദഗ്ധസമിതി ഉൾപ്പെടുത്തിയിട്ടുണ്ട്.
1960ലെ സർക്കാർ സർവീസ് ചട്ടം ലംഘിച്ച കാര്യത്തിലാണ് കാരണം കാണിക്കൽ നോട്ടീസ്. ഇതൊരു സ്വാഭാവിക നടപടി എന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. ഡോക്ടർ നൽകുന്ന വിശദീകരണം തൃപ്തികരമെങ്കിൽ മറ്റ് നടപടികളിലേക്ക് വകുപ്പ് കടന്നേക്കില്ല.
അതേസമയം ഉപകരണം കാണാതായെന്ന കണ്ടെത്തലിൽ വകുപ്പുതല അന്വേഷണം നടക്കുകയാണ്. ഇക്കാര്യത്തിൽ ഹാരിസ് ചിറക്കലിൻറെ ഹിയറിങ്ങും ഉടൻ ഉണ്ടായേക്കും. യൂറോളജി വകുപ്പിൽ ഒരു ഉപകരണവും ഉപയോഗിക്കാതെ ഇരിക്കുന്നില്ല എന്ന് ഒരു മാസം മുമ്പ് പ്രിൻസിപ്പലിന് ഹാരിസ് ചിറക്കൽ രേഖാമൂലം മറുപടി നൽകിയിരുന്നു
0 Comments