തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര അർലേക്കറിനോട് അനുനയത്തിന്റെ പാത വേണ്ടെന്ന് സിപിഎം തീരുമാനം. ഇതിന്റെ ഭാഗമായിട്ടാണ് തലസ്ഥാനത്ത് ഉണ്ടായിട്ടും ഇന്നലെ രാജ്ഭവനിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടന്ന അറ്റ് ഹോം പരിപാടിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കാതിരുന്നത്.
സ്ഥിരം വിസിമാരെ നിയമിക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ ചർച്ച വേണമെന്ന ആവശ്യം മുന്നോട്ട് വെച്ചിട്ടും ഇതുവരെ ഗവർണർ അനുകൂല നിലപാട് സ്വീകരിക്കാത്തതിലും സർക്കാരിന് കടുത്ത അതൃപ്തിയുണ്ട്.
ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ ആയിരുന്ന സമയത്തെ തെരുവ് യുദ്ധം കേരളം കണ്ടതാണ്. പുതിയ ഗവർണർ വന്നപ്പോൾ പഴയ രീതിയിൽ മാറ്റം ഉണ്ടാകുമെന്ന് സർക്കാരും പ്രതീക്ഷിച്ചു. എന്നാൽ പ്രതീക്ഷിച്ചതൊന്നുമല്ല നടന്നത്. ഭാരതാംബ വിവാദം, സർക്കാർ നൽകുന്ന പട്ടികയിൽ നിന്ന് താൽക്കാലിക വിസിമാരെ നിയമിക്കാതിരിക്കുന്നത്, സ്ഥിരം വിസിമാരുടെ നിയമനം നടത്താനുള്ള ഇടപെടലുകൾ നടത്താത്തത് അടക്കം സർക്കാരും രാജേന്ദ്ര അർലേക്കറും തമ്മിൽ പ്രശ്നങ്ങൾ നിരവധിയാണ്.
തർക്കപരിഹാരത്തിന് മുഖ്യമന്ത്രി മുൻകൈയെടുത്ത് രാജ്ഭവനിലെത്തി. മധുരം കൈമാറി പിരിഞ്ഞു. ഇതോടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് പ്രതീക്ഷിച്ചു. മധുരം നുണഞ്ഞതിനപ്പുറം പ്രശ്നപരിഹാരം ഉണ്ടാകാത്തതിനെ തുടർന്ന് നിയമ മന്ത്രിയെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും രാജ്ഭവനിലേക്ക് മുഖ്യമന്ത്രി വിട്ടു. എല്ലാം ശരിയാക്കാമെന്ന് ഗവർണർ മറുപടി നൽകി. ആഴ്ചകൾ കഴിഞ്ഞിട്ടും ഒന്നും ശരിയായില്ലെന്ന് മാത്രമല്ല, സർക്കാരിന് അനുകൂലമായ വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ചു ഗവർണർ.
അതിനിടയ്ക്കാണ് സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട അറ്റ് ഹോം പരിപാടി വരുന്നത്. രാജ്ഭവൻ പണം ആവശ്യപ്പെട്ട പണം സർക്കാർ അനുവദിച്ചു. മുഖ്യമന്ത്രിയെയും, മന്ത്രിമാരെയും ഗവർണർ ക്ഷണിച്ചു. എന്നാൽ ഇവരാരും വെള്ളയമ്പലത്തുള്ള രാജ്ഭവന്റെ വാതിൽ കടന്നില്ല. സർക്കാരിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറിയെ വിട്ടു. തുടർച്ചയായി ഉടക്കിടുന്ന ഗവർണറുമായി വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്ന് സൂചന നൽകുന്നതാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടേയും അറ്റ്ഹോം ബഹിഷ്കരണം. തലസ്ഥാനത്ത് ഉണ്ടായിട്ട് മുഖ്യമന്ത്രി പരിപാടിയിൽ പങ്കെടുക്കാതിരുന്നത് രാജ്ഭവന് നൽകുന്ന കൃത്യമായ സന്ദേശമാണ്. വരും നാളുകളിൽ ഇത് മൂർച്ഛിക്കാനാണ് സാധ്യത.
0 Comments