തിരുവനന്തപുരം: എസ്ഐആർ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും പരമാവധി കൃത്യതയും സുതാര്യതയും ഉറപ്പുവരുത്തുന്നതിനും വേണ്ടി, അംഗീകൃത രാഷ്ട്രീയ പാർട്ടികൾ നാമനിർദേശം ചെയ്ത ബൂത്ത് ലെവൽ ഏജന്റുമാരുടെ (ബിഎൽഎ) യോഗം വിളിച്ചുചേർക്കാൻ ബിഎഒമാർക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ കേൽക്കർ നിർദേശം നൽകി. ഭാവിയിൽ പരാതികൾ ഉണ്ടാവാതിരിക്കാൻ കൂടിയാണ് ഈ നടപടി.
യോഗങ്ങളിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും സജീവമായി പങ്കെടുക്കണമെന്ന് രത്തൻ കേൽക്കർ അഭ്യർത്ഥിച്ചു. ബിഎൽഒമാർക്ക് വോട്ടറുടെ സാന്നിധ്യമോ താമസസ്ഥലമോ പരിശോധിച്ച് ഉറപ്പിക്കാൻ കഴിയാത്ത വിഭാഗത്തിൽ ഉൾപ്പെടുന്ന ഫോമുകളുടെ ആകെ എണ്ണം നിലവിൽ 51,085 ആണെന്നും, ഈ എണ്ണം വർധിക്കാൻ സാധ്യതയുണ്ടെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
പൂരിപ്പിച്ച എന്യൂമറേഷൻ ഫോമുകൾ ശേഖരിക്കുന്നതിൽ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ബിഎൽഎമാരുടെ സഹായം തേടാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്. ഫോം നൽകിയ ബിഎൽഒമാർ തന്നെ അവ ശേഖരിക്കണമെന്നായിരുന്നു കമ്മീഷൻ ഇതുവരെ സ്വീകരിച്ചിരുന്ന നിലപാട്. എന്നാൽ, കണ്ണൂരിൽ ഒരു ബിഎൽഒ ജീവനൊടുക്കിയതും തുടർന്നുണ്ടായ പ്രതിഷേധവുമാണ് ഈ പുതിയ തീരുമാനത്തിന് കാരണം. ബിഎൽഎമാർക്ക് ദിവസം പരമാവധി 50 ഫോമുകൾ വീതം ശേഖരിച്ച് ബിഎൽഒമാരെ ഏൽപിക്കാമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രാഷ്ട്രീയ പാർട്ടികളെ അറിയിച്ചിട്ടുണ്ട്.
കൂടാതെ, ഫോമുകൾ ശേഖരിക്കുന്നതിനായി രാഷ്ട്രീയ പാർട്ടികൾക്ക് കലക്ടർമാരുടെ അറിവോടെ ഹെൽപ് ഡെസ്‌ക്കുകൾ തുടങ്ങാൻ അനുമതി നൽകിയിട്ടുണ്ട്. ഹെൽപ് ഡെസ്‌ക്കുകൾ തുടങ്ങാൻ എൽഡിഎഫും യുഡിഎഫും തീരുമാനിച്ചിട്ടുണ്ട്. കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്ന ഡിസംബർ 9-ന് ശേഷം, പട്ടികയിൽ പേര് ചേർക്കാനുള്ള പുതിയ അപേക്ഷകളും ദിവസം പത്തെണ്ണം വരെ സ്വീകരിക്കാൻ ഹെൽപ് ഡെസ്‌കുകൾക്ക് അനുമതിയുണ്ട്.
0 Comments