ദില്ലി സ്ഫോടനം; ചെങ്കോട്ടയ്ക്ക് മുന്നിലെ റോഡ് പൊതുജനങ്ങൾക്കായി വീണ്ടും തുറന്നു

 



ദില്ലി: രാജ്യത്തെ നടുക്കിയ സ്ഫോടനത്തിനുശേഷം ചെങ്കോട്ടയ്ക്ക് മുന്നിലെ റോഡ് ഇന്ന് പൊതുജനങ്ങൾക്കായി വീണ്ടും തുറന്നു. സ്ഫോടനത്തിന്‍റെ അവശിഷ്ടങ്ങൾ എല്ലാം നീക്കം ചെയ്ത ശേഷമാണ് നേതാജി സുഭാഷ് മാർഗ് വീണ്ടും ജനങ്ങൾക്കായി തുറന്നു കൊടുത്തത്. സ്ഫോടനത്തിനുശേഷം ലാൽ ഖിലാ വീണ്ടും പഴയ സ്ഥിതിയിലേക്ക് വരുമ്പോഴും ജനങ്ങളിൽ ഞെട്ടൽ ഇതുവരെ വിട്ടു മാറിയിട്ടില്ല. സ്ഫോടനത്തിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്തിരിക്കുകയാണ് അന്വേഷണ ഏജൻസികൾ. പ‍ഠാൻകോട്ടിൽ നിന്ന് ഒരു ഡോക്ടർ കൂടി അന്വേഷണ ഏജൻസികളുടെ പിടിയിലായിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും വ്യാപക പരിശോധന നടക്കുകയാണ്. സംഭവത്തിൽ ക്രിമിനൽ ഗൂഢാലോചന പ്രകാരം ഒരു കേസ് കൂടി ദില്ലി സ്പെഷ്യൽ സെൽ രജിസ്റ്റർ ചെയ്തു.

ചെങ്കോട്ട സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ച വൈറ്റ് കോളർ ഭീകരതയുടെ വേരുകൾ തേടുകായാണ് അന്വേഷണ ഏജൻസികൾ. കേസിൽ ഇന്നും അറസ്റ്റ് നടന്നു. പഞ്ചാബിലെ പഠാൻകോട്ടിൽ നിന്ന് റയീസ് അഹമ്മദ് എന്ന സർജനാണ് അന്വേഷണ ഏജൻസികളുടെ പിടിയിലായത്. ഇയാൾ പലതവണ അൽഫലാ സർവകലാശാലയിലേക്ക് വിളിച്ചതായാണ് വിവരം. ഏതെങ്കിലും ഘട്ടത്തിൽ ഇയാൾ ഉമറുമായോ പിടിയിലായ മറ്റു ഡോക്ടർമാരുമായോ ബന്ധപ്പെട്ടിരുന്നോ എന്നാണ് അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നത്.


Post a Comment

0 Comments