97 ലക്ഷം വോട്ടർമാർ പുറത്ത്; തമിഴ്നാട്ടിലെ എസ്ഐആർ കരട് പട്ടിക പുറത്ത്

 



ചെന്നൈ: തമിഴ്നാട്ടിൽ ഒരു കോടിക്കടുത്ത് വോട്ടർമാരെ വെട്ടിമാറ്റി എസ്ഐആർ കരട് പട്ടിക പുറത്ത്. തമിഴ്നാട് ചീഫ് ഇലക്ടറൽ ഓഫീസർ അർച്ചന പട്നായിക്കാണ് കരട് പട്ടിക പുറത്തുവിട്ടത്. 97.3 ലക്ഷം വോട്ടർമാരാണ് പുറത്തായിരിക്കുന്നത്. ഇതിലൂടെ സംസ്ഥാനത്തെ മൊത്തം വോട്ടർമാരുടെ എണ്ണത്തിൽ 15.2 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്.

2025 ഒക്ടോബർ 27ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിലവിലെ വോട്ടർപട്ടിക മരവിപ്പിച്ചപ്പോൾ, തമിഴ്‌നാട്ടിൽ 6.41 കോടിയായിരുന്നു വോട്ടർമാരുടെ എണ്ണം. ഇപ്പോൾ ആകെ വോട്ടർമാരുടെ എണ്ണം 5.43 കോടിയായി കുറഞ്ഞു. അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ സാന്നിധ്യത്തിലാണ് എല്ലാ ജില്ലകളിലും കരട് പട്ടിക പുറത്തിറക്കിയതെന്ന് പട്നായിക് അവകാശപ്പെട്ടു.

കണ്ടെത്താനാകാത്തവർ/ സ്ഥലംമാറി പോയവർ, മരിച്ചവർ, ഡ്യൂപ്ലിക്കേറ്റ് (എഎസ്ഡിഡി) എന്നിങ്ങനെയാണ് വെട്ടിമാറ്റിയവരെ തരംതിരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഒരു കോടിക്കടുത്ത് വോട്ടർമാരെ വെട്ടിമാറ്റിയത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. പുറത്താക്കപ്പെട്ടവരിൽ 66.44 ലക്ഷം പേരും 'സ്ഥലംമാറിപ്പോയവർ/കണ്ടെത്താനാകാത്തവർ' എന്ന ഗണത്തിലാണ്. 26.94 പേർ 'മരിച്ചവർ', 3.98 ലക്ഷം പേർ 'ഡൂപ്ലിക്കേറ്റ്' എന്നിങ്ങനെയാണ് പട്ടികപ്പെടുത്തിയിരിക്കുന്നത്.

പുറത്താക്കപ്പെട്ടവരിൽ ഏറ്റവും കൂടുതൽ പേർ ചെന്നൈയിലാണ്. 14,25,018 പേരാണ് ഇവിടെ ഒഴിവാക്കപ്പെട്ടത്. അതായത് മുൻ എണ്ണത്തേക്കാൾ 35.58 ശതമാനം ആളുകളുടെ കുറവ്. 4,004,694 വോട്ടർമാരാണ് ചെന്നൈയിൽ മുമ്പ് ഉണ്ടായിരുന്നത്. ഇപ്പോൾ ഇത് 25,79,676 പേർ മാത്രമാണുള്ളത്. ഇതിൽ 12,47,690 പേർ പുരുഷന്മാരും 13,31,243 പേർ സ്ത്രീകളും 743 ട്രാൻസ്ജെൻഡേഴ്സും ഉൾപ്പെടുന്നു.

Post a Comment

0 Comments