'വാളയാറിലേത് ആള്‍ക്കൂട്ടക്കൊല, സര്‍ക്കാര്‍ ഇരയുടെ കുടുംബത്തോടൊപ്പം': മന്ത്രി വി. ശിവന്‍കുട്ടി

 



തിരുവനന്തപുരം: വാളയാറില്‍ നടന്നത് ആള്‍ക്കൂട്ട കൊലപാതകമാണെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. കേരളം പുലര്‍ത്തുന്ന ക്രമസമാധാന മാതൃകയില്‍ ആക്ഷേപം ഉന്നയിക്കാനാണ് ഈ സംഭവം. കൊലപാതകം അങ്ങേയറ്റം വേദനിപ്പിക്കുന്നതും പ്രതിഷേധമറിയിക്കേണ്ടതുമാണ്. സംഘപരിവാര്‍ ക്രൂരത പുറത്ത് വന്നിരിക്കുകയാണെന്നും ഇരയുടെ കുടുംബത്തിനൊപ്പം സര്‍ക്കാരുണ്ടാകുമെന്നും ശിവന്‍കുട്ടി പറഞ്ഞു.

'പ്രതികളുടെ പശ്ചാത്തലം ആര്‍എസ്എസിന്റേത്. പല ക്രിമിനല്‍ കേസുകളിലും പ്രതികളായവരാണ് ഈ കൊലപാതകം നടത്തിയിട്ടുള്ളത്. ഇവരുടെ ക്രൂരത സോഷ്യല്‍മീഡിയയില്‍ പുറത്തുവന്നിട്ടുണ്ട്. പാലക്കാട് ക്രിസ്മസ് കരോളിനെതിരായ ആക്രമണവും ഇതിന്റെ ഭാഗമാണ്. ഇരയുടെ കുടുംബത്തോടൊപ്പം സര്‍ക്കാര്‍ കാണും. കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ നല്‍കും. മൃതദേഹം ഇന്ന് വിമാനത്തില്‍ കൊണ്ടുപോയി.' അര്‍ഹമായ ധനസഹായം സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കും. മൃതദേഹം കൊണ്ടുപോകാനുള്ള തുക അനുവദിച്ചത് സര്‍ക്കാരാണെന്നും ഒരു സിപിഎം പ്രവര്‍ത്തകനും കുറ്റകൃത്യത്തില്‍ പങ്കുചേര്‍ന്നിട്ടില്ലെന്നും ശിവന്‍കുട്ടി വ്യക്തമാക്കി.

പാലക്കാട് ക്രിസ്മസ് കരോളിനെതിരായ ആക്രമണത്തെ കുറിച്ചുള്ള ചോദ്യത്തിന് കേരളത്തില്‍ എല്ലാ ആഘോഷങ്ങളും നടക്കുമെന്നായിരുന്നു മന്ത്രിയുടെ മറുപടി.

'കേരളത്തില്‍ എല്ലാ ആഘോഷങ്ങളും നടക്കും. ഒരാഘോഷവും തടയാന്‍ കഴിയില്ല. എല്ലാ ആഘോഷങ്ങള്‍ക്കും ഒപ്പമാണ് സര്‍ക്കാര്‍. ആഘോഷം ആര്‍എസ്എസ് തടയാന്‍ ശ്രമിച്ചു.' എന്നാല്‍, അത്തരം ശ്രമങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കാനാവില്ലെന്നും ഇത് ശ്രദ്ധാപൂര്‍വം നോക്കിക്കാണണമെന്നും മന്ത്രി പറഞ്ഞു.

'ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഉന്നത നേതാക്കള്‍ക്ക് ബന്ധമുണ്ടെന്നാണ് പ്രതിപക്ഷനേതാവ് ഉന്നയിക്കുന്നത്. എന്നാല്‍, ഉണ്ണികൃഷ്ണന്‍ പോറ്റിയെ സന്നിധാനത്തെത്തിച്ചത് പ്രയാര്‍ ഗോപാലകൃഷ്ണനും അജയ് തറയിലുമാണ്. യുഡിഎഫ് കാലത്തെ കുറ്റങ്ങളും അന്വേഷിക്കണമെന്ന് സതീശന്‍ പറയുമോ. യുഡിഎഫ് കാലത്ത് നടന്നത് വന്‍ അഴിമതിയാണെന്നും അതുകൂടെ പാരഡിയില്‍ ഉള്‍പ്പെടുത്തണം.'

'തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തുകയാണ്. ഭരണഘടനയെയും നിയമങ്ങളെയും കാറ്റില്‍ പറത്തിക്കൊണ്ടുള്ള കാര്യങ്ങള്‍ അംഗീകരിക്കാനാവില്ല. ചിലയിടങ്ങളില്‍ വിവിധ പേരുകളിലാണ് ചിലര്‍ സത്യപ്രതിജ്ഞയെടുത്തത്. ഇത്തരം പ്രതിജ്ഞകള്‍ക്ക് സാധുതയില്ലെന്ന് സുപ്രിംകോടതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.' ജനാധിപത്യ പ്രക്രിയയെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നത് ശരിയല്ലെന്നും വി. ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments