കേരളത്തിൽ തണുപ്പിന് കാരണം ലാ നിനാ പ്രതിഭാസവും സൈബീരിയയിൽ നിന്നുള്ള അതിശൈത്യം നിറഞ്ഞ കാറ്റും, ജനുവരി വരെ തണുപ്പ് തുടരും

 



അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ഒരിടത്തും മഴ സാധ്യതയില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എന്നാൽ കേരളത്തിൽ തണുപ്പ് കടുക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. സമുദ്രതാപം വർധിപ്പിക്കുന്ന എൽ നിനായ്ക്കു പകരം ലാ നിനാ പ്രതിഭാസം ലോകമെങ്ങും അനുഭപ്പെടുന്നതിനാൽ ഇത്തവണ ആഗോള തലത്തിൽ തണുപ്പേറിയ ക്രിസ്മ‌സിനാണ് സാധ്യതയെന്ന് ലോക കാലാവസ്ഥാ സംഘടന പറയുന്നു. ഇതോടൊപ്പം സൈബീരിയയിൽ നിന്നുള്ള അതിശൈത്യം നിറഞ്ഞ കാറ്റ് ഹിമാലയവും കടന്ന് ഇപ്പോൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് കടക്കുന്നതായും ചില നിരീക്ഷകർ കണ്ടെത്തി. കർണാടത്തിൻ്റെ പല ഭാഗത്തും കഴിഞ്ഞ ദിവസങ്ങളിൽ 7 ഡിഗ്രി വരെയായി താപനില കുറഞ്ഞ് ശൈത്യ തരംഗം എത്തിയത് നിരീക്ഷകരെ അമ്പരപ്പിച്ചു.

ആകാശം തെളിയുന്നതോടെ അടുത്തയാഴ്ചചയും ജനുവരി മാസത്തിലും സംസ്ഥാനത്ത് കൂടുതൽ ശൈത്യം അനുഭവപ്പെടാനാണു സാധ്യത.

മൂന്നാറിൽ അതിശൈത്യം

ഏതാനും ദിനങ്ങളായി മലയോര മേഖലയിൽ കനത്ത തണുപ്പ് തുടരുകയാണ്. സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഇടുക്കിയിലെ മൂന്നാർ ഉൾപ്പെടെയുള്ള മലയോര മേഖലയിൽ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിലേക്ക് എത്തിയിരുന്നു. വരും ദിവസങ്ങളിലും കാലാവസ്ഥ സമാനമായി തുടരാനും മൈനസ് ഡിഗ്രിയിലേക്ക് എത്താനും സാധ്യതയുണ്ട്.

മൂന്നാറിലെ തെന്മല, നല്ലതണ്ണി, നടയാർ, കന്നിമല തുടങ്ങിയ എസ്റ്റേറ്റ് മേഖലകളിലാണ് അതിശൈത്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. താപനില ഈ പ്രദേശങ്ങളിൽ പൂജ്യം ഡിഗ്രിയിലെത്തിയപ്പോൾ മൂന്നാർ ടൗണിൽ പുലർച്ചെ രേഖപ്പെടുത്തിയത് 1.7 ഡിഗ്രി സെൽഷ്യസാണ്. എന്നാൽ ജനവാസ മേഖലകളിലും എസ്റ്റേറ്റുകളുടെ ഉൾപ്രദേശങ്ങളിലും താപനില മൈനസ് ഡിഗ്രിയിൽ എത്തിയതായാണ് നാട്ടുകാർ പറയുന്നത്.

Post a Comment

0 Comments