എനിക്ക് ഭാഷാപരമായ പരിമിതികളുണ്ട്, മനുഷ്യരുടെ സങ്കടങ്ങൾക്ക് ഒരു ഭാഷയേ ഉള്ളൂ: എ.എ റഹീം എം.പി


തിരുവനന്തപുരം: തന്റെ ഭാഷാപരിമിതിയെ ട്രോളുന്നവരോട് ഒരു പരാതിയുമില്ലെന്ന് എ.എ റഹീം എം.പി. തനിക്ക് ഭാഷാപരമായ പരിമിതികളുണ്ടെങ്കിലും മനുഷ്യരുടെ സങ്കടങ്ങൾക്ക് ഒറ്റ ഭാഷയേ ഉള്ളൂവെന്നും റഹീം ഫേസ്ബുക്കിൽ കുറിച്ചു. കർണാടകയിലെ ജനങ്ങളുടെ വിഷമത്തിന്റെയും സങ്കടത്തിന്റെയും ഭാഷ മനസിലാക്കാൻ തനിക്ക് പ്രയാസമുണ്ടായില്ല. ഭാഷ മെച്ചപ്പെടുത്തി അങ്ങോട്ടേക്ക് പോകാം എന്ന് തീരുമാനിക്കാൻ ആകില്ലല്ലോയെന്നും റഹീം ചോദിച്ചു.

ഭരണകൂടഭീകരതയുടെ നേര്കാഴ്ചകൾ തേടിയാണ് അവിടേക്ക് ചെന്നത്. ശബ്ദമില്ലാത്ത എല്ലാം നഷ്ടപെട്ട ആയിരത്തോളം ദുർബലരായ ഇരകളെയാണ് അവിടെ കാണാനായത്. ആ യാത്രയെ കുറിച്ച് ഇപ്പോഴും തികഞ്ഞ അഭിമാനമേ ഉളളൂവെന്നും അദ്ദേഹം പറഞ്ഞു. 'അവരുടെ ശബ്ദം ഇന്ന് എല്ലാ മാധ്യമങ്ങളും ഏറ്റെടുക്കുന്നു. ആരും കാണാതെ അവസാനിക്കുമായിരുന്ന കാഴ്ചകൾ ഇന്ന് ലോകം കാണുന്നു. പുനരധിവാസത്തെ കുറിച്ച് നിങ്ങൾ ഇപ്പോൾ സംസാരിക്കാൻ നിർബന്ധിതരായിരിക്കുന്നു. എന്റെ ഇംഗ്ലീഷിലെ വ്യാകരണം തിരയുന്നവരോട് ഒരു വെറുപ്പുമില്ല.' റഹീം ഫേസ്ബുക്കിൽ കുറിച്ചു. തന്റെ ഭാഷയെ ട്രോളുന്ന തിരക്കിൽ ആ ദുർബലരായ മനുഷ്യരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ രക്ഷപ്പെടാൻ ശ്രമിക്കരുതെന്നും ഇനിയും ശബ്ദമില്ലാത്തവരെ തേടിപ്പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരു കൊഗിലു വില്ലേജില്‍ കര്‍ണാടക സര്‍ക്കാർ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്തതിനെ തുടർന്ന് 150 ലധികം കുടുംബങ്ങള്‍ ഭവനരഹിതരായി. ഖരമാലിന്യ സംസ്‌കരണ പദ്ധതികള്‍ക്കായി നീക്കിവെച്ചിരിക്കുന്ന സര്‍ക്കാര്‍ഭൂമി കയ്യേറി കുടിലുകള്‍ സ്ഥാപിച്ചുവെന്ന് ആരോപിച്ചായിരുന്നു പൊളിച്ചുനീക്കല്‍. തണുത്ത് വിറക്കുന്ന ബെംഗളൂരുവില്‍ വീട് നഷ്ടപ്പെട്ട കുടുംബത്തിലെ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ കഴിഞ്ഞ് കൂടിയത് സ്‌കൂള്‍ ഗ്രൗണ്ടില്‍. ഈ വാർത്ത പുറത്തു വന്നതിന് പിന്നാലെയാണ് എ.എ റഹീം എം.പി സ്ഥലം സന്ദർശിച്ചത്.

Post a Comment

0 Comments