പുതുവർഷത്തിൽ ബാങ്കിങ് നിയമങ്ങൾ മാറുന്നു; പിഎഫ് തുക ഇനി എടിഎം വഴിയും പിൻവലിക്കാം!

പുതുവർഷത്തിൽ ബാങ്കിങ്-എടിഎം നിയമങ്ങളിൽ വലിയ മാറ്റങ്ങൾ വരുന്നു. ഇപിഎഫ്ഒ 3.0 നവീകരണത്തിലൂടെ ഇനി എടിഎം വഴി എളുപ്പത്തിൽ പിഎഫ് തുക പിൻവലിക്കാൻ സാധിക്കും. ഇപിഎഫ്ഒ 3.0 നവീകരണത്തോടെ പ്രൊവിഡൻറ് ഫണ്ട് എടിഎം വഴി എളുപ്പത്തിൽ പിൻവലിക്കാം, പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ എന്തു സംഭവിക്കും, ഡിജിറ്റൽ പണമിടപാടിലെ തട്ടിപ്പ് ഇല്ലാതാക്കാൻ ആർബിഐയുടെ മാർഗനിർദേശങ്ങൾ എന്തെല്ലാം എന്നിവയെല്ലാം വിശദമായി അറിയാം.

പിഎഫ് വരിക്കാർക്ക് പ്രത്യേക കാർഡുകൾ നൽകും. ഇതുവഴി പിഎഫ് ബാലൻസിന്റെ 75% വരെ നേരിട്ട് എടിഎമ്മുകളിൽ നിന്ന് പിൻവലിക്കാൻ സാധിക്കും. പിഎഫ് അക്കൗണ്ടുകൾ യുപിഐയുമായി ബന്ധിപ്പിക്കുന്നതോടെ, തൊഴിലുടമയുടെ അനുമതിയോ മറ്റ് അപേക്ഷകളോ ഇല്ലാതെ തന്നെ സെക്കൻഡുകൾക്കുള്ളിൽ പണം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാൻ സാധിക്കും. തൊഴിൽ ഇല്ലാതായാൽ ബാലൻസിന്റെ 75% തുക ഇനി ഉടനടി ലഭിക്കും. നേരത്തെ ഇതിനായി ഒരു മാസം കാത്തിരിക്കണമായിരുന്നു.

ആധാറുമായി ബന്ധിപ്പിച്ചില്ലേ.. പാൻ കാർഡ് അസാധുവാകും

ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ 2026 ജനുവരി 1 മുതൽ പ്രവർത്തനരഹിതമാകും. പാൻ കാർഡ് അസാധുവാകുന്നതോടെ ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും വലിയ തുകകൾ നിക്ഷേപിക്കുന്നതിനും തടസ്സം നേരിടും. കൂടാതെ, അസാധുവായ പാൻ കാർഡ് കൈവശം വെക്കുന്നത് 1000 രൂപ പിഴ ഈടാക്കാനും കാരണമാകും.

എടിഎം ഫീസും ഇടപാട് പരിധികളും

എടിഎം ഉപയോഗിക്കുന്നവർക്ക് അധിക ബാധ്യതയായി മാറിയ നിരക്ക് വർദ്ധനവ് 2026-ലും തുടരും. സൗജന്യ പരിധി കഴിഞ്ഞാൽ ഓരോ ഇടപാടിനും 23 രൂപയാണ് ഉപഭോക്താവ് നൽകേണ്ടി വരിക. ബാങ്കുകൾ തമ്മിൽ നൽകേണ്ട ഇന്റർചേഞ്ച് ഫീസ് വർദ്ധിപ്പിച്ചതാണ് ഈ നിരക്ക് വർദ്ധനവിന് ആധാരം. അതേസമയം, സ്വന്തം ബാങ്കിന്റെയും മറ്റ് ബാങ്കുകളുടെയും എടിഎമ്മുകളിൽ നിന്നുള്ള സൗജന്യ പ്രതിമാസ ഇടപാട് പരിധിയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല.

ബാങ്കുകളുടെ ലയനം

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം കുറയ്ക്കാനും ലയനം നടത്താനുമുള്ള നീക്കങ്ങൾ നിലവിലില്ലെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിൽ വ്യക്തമാക്കി. 12 പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് മൂന്നോ നാലോ വമ്പൻ ബാങ്കുകളാക്കി മാറ്റാൻ സർക്കാർ പദ്ധതിയിടുന്നതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, ഇത്തരത്തിലുള്ള പുനഃസംഘടനയോ ലയനമോ സംബന്ധിച്ച ചർച്ചകൾ ഇപ്പോൾ നടക്കുന്നില്ലെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയെ രേഖാമൂലം അറിയിച്ചു.

Post a Comment

0 Comments