ബംഗ്ലാദേശിലെ സ്ഥിതിഗതികൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം

ബംഗ്ലാദേശിലെ സ്ഥിതിഗതികൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം. ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളിൽ ശക്തമായ ആശങ്ക അറിയിച്ചു. ഇന്ത്യൻ അധികൃതർ ബംഗ്ലാദേശ് അധികൃതരുമായി ബന്ധം പുലർത്തിവരുന്നു. ദീപു ചന്ദ്രദാസിനെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

ബംഗ്ലാദേശിലെ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കരുതലോടെയാണ് ഇന്ത്യ നീങ്ങുന്നത്. അതിർത്തികളിൽ ജാഗ്രത തുടരുകയാണ്. ചിറ്റഗോങ്ങിലെ ഇന്ത്യൻ അസിസ്റ്റന്റ് ഹൈക്കമ്മീഷനും അവാമി ലീഗിന്റെ ഓഫീസുകളും ആക്രമിക്കപ്പെട്ടിരുന്നു. ധാക്കയിൽ അതീവ സുരക്ഷയിൽ ആയിരുന്നു ഇങ്ക്വിലാബ് മഞ്ച് പാർട്ടി നേതാവ് ഷെരീഫ് ഉസ്മാന്റെ കൊലപാതകത്തിന് പിന്നാലെയാണ് ബം​ഗ്ലാദേശിൽ വീണ്ടും കലാപം ഉയർന്നത്. ഈ മാസം 12ന് വെടിയേറ്റ ഷെരീഫ് ഉസ്മാൻ ഹാദി സിംഗപ്പൂരിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഹാദിക്ക് എതിരെ വെടിയുതിർത്ത രണ്ടുപേർ ഇന്ത്യയിലേക്ക് കടന്നു എന്ന് ആരോപിച്ച് ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങളുമായി ബംഗ്ലാദേശിൽ പ്രതിഷേധം ശക്തമായിരുന്നു.

അതേസമയം ഇന്ത്യയിലെ ബം​ഗ്ലാദേശ് ഹൈക്കമ്മിഷന് നേരെ ആക്രമണം ഉണ്ടായെന്ന ബം​ഗ്ലാദേശ് മാധ്യമങ്ങളുടെ വാർത്ത വിദേശകാര്യമന്ത്രാലയം തള്ളി. ദീപു ചന്ദ്രദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിഷേധം മാത്രമേ നടന്നിട്ടുള്ളൂ എന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. എന്നാൽ ബം​ഗ്ലാദേശ് ഹൈക്കമ്മിഷന് സുരക്ഷാ പ്രശ്നങ്ങൾ പ്രതിഷേധക്കാർ സൃഷ്ടിച്ചില്ലെന്ന് വിദേശമന്ത്രാലയ വാ​ക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

വ്യാഴാഴ്ച മൈമെൻസിങ്ങിൽ വസ്ത്ര ഫാക്ടറി തൊഴിലാളിയായ ദിപു ചന്ദ്ര ദാസിനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലയ്ക്ക് ശേഷം ദീപു ചന്ദ്ര ദാസിനെ മരത്തിൽ കെട്ടിത്തൂക്കുകയും തീകൊളുത്തുകയും ചെയ്തു. “ഈ ഹീനമായ കുറ്റകൃത്യം ചെയ്തവരെ വെറുതെ വിടില്ല” എന്ന് ബം​ഗ്ലാദേശിലെ ഇടക്കാല സർക്കാർ പറഞ്ഞു.

Post a Comment

0 Comments