തിരുവനന്തപുരം: മുന്നണി വിടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കേരള കോൺസ് എം ചെയർമാൻ ജോസ് കെ മാണിയുടെ ഉറപ്പ്. ഇന്നലെ തിരുവനന്തപുരത്ത് വെച്ച് ജോസ് കെ മാണി മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഒരു യുഡിഎഫ് നേതാക്കളുമായും ഈ വിഷയം ചർച്ച ചെയ്തിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം,
നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയം അടക്കമുള്ള മധ്യകേരളത്തിൽ തിരിച്ച് വരാനാകുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടതിന്റെ പശ്ചാത്തലത്തിൽ കേരള കോൺഗ്രസ് എം ഇടതുമുന്നണി വിടുമെന്ന രീതിയിലുള്ള ചർച്ചകൾ ഉയർന്നിരുന്നു. കേരള കോൺഗ്രസ് എമ്മിനെ അവിശ്വസിക്കുന്നില്ലെന്ന നിലപാടിലാണ് സിപിഐഎം.
തദ്ദേശ തോൽവിയിലെ തിരിച്ചടിക്ക് പിന്നാലെ കേരള കോൺഗ്രസ് മാണി വിഭാഗം എൽഡിഎഫ് വിടുമെന്നും പാർട്ടിയെ യുഡിഎഫിലെത്തിക്കാൻ കോൺഗ്രസിന്റെ നേതൃത്വത്തിൽ സജീവ നീക്കം നടക്കുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇതിനെ പാടെ തള്ളിയാണ് ഇന്നലെ ജോസ് കെ മാണി പ്രതികരിച്ചത്. കേരള കോൺഗ്രസ് എമ്മിന് ഒറ്റ നിലപാടാണ്, അത് ഇടതു പക്ഷത്തോടൊപ്പമാണെന്നും അതിൽ ഉറച്ചുനിൽക്കുന്നുവെന്നുമായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. സംഘടനാപരമായി കേരള കോൺഗ്രസ് എമ്മിന് ലഭിക്കേണ്ട വോട്ടുകൾ ലഭിച്ചിട്ടുണ്ട്. പാലായിലടക്കം മധ്യകേരളത്തിൽ തിരിച്ചടിയെന്ന് വിലയിരുത്താനാകില്ലെന്നും വീമ്പടിക്കുന്ന തൊടുപുഴയിൽ ജോസഫ് വിഭാഗം ജയിച്ചത് രണ്ടിടത്ത് മാത്രമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. നിലവിൽ ഇടതുമുന്നണി വിടേണ്ട സാഹചര്യമില്ലെന്നും എൽഡിഎഫ് യോഗത്തിന് ശേഷം അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മുന്നണി വിപുലീകരിക്കാനാണ് യുഡിഎഫിന്റെ നീക്കം. മാണി വിഭാഗത്തെ മുന്നണിയിലെത്തിച്ചാൽ അത് ഗുണം ചെയ്യുമെന്നാണ് യുഡിഎഫ് വിലയിരുത്തൽ ജോസ് കെ മാണി കൂടെയുണ്ടെങ്കിൽ നൂറ് സീറ്റെങ്കിലും യുഡിഎഫിന് ലഭിക്കുമെന്നാണ് മുന്നണിയുടെ കാഴ്ചപ്പാട്.

0 Comments