തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞു; ഇനി ‘ഭരണച്ചക്രത്തിലേക്ക്’: ഒരു മാസം നീളുന്ന തിരഞ്ഞെടുപ്പ് പരമ്പരയ്ക്ക് തുടക്കം

 


തിരുവനന്തപുരം: കേരളത്തിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആവേശം അവസാനിച്ചെങ്കിലും, ഭരണസമിതികൾ പൂർണ്ണരൂപത്തിൽ പ്രവർത്തനമാരംഭിക്കാനുള്ള തിരഞ്ഞെടുപ്പ് പരമ്പരകൾക്ക് ഇനി തുടക്കമാവുകയാണ്. വരും ദിവസങ്ങളിൽ അധ്യക്ഷന്മാർ, ഉപാധ്യക്ഷന്മാർ, സ്ഥിരസമിതി അംഗങ്ങൾ, സമിതി അധ്യക്ഷർ എന്നിവരെ കണ്ടെത്താനുള്ള സുപ്രധാന ഘട്ടങ്ങളിലേക്കാണ് സംസ്ഥാനം കടക്കുന്നത്.

തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ ഡിസംബർ 21-ന് പൂർത്തിയാകും. ഇതിന് പിന്നാലെ അധ്യക്ഷ, ഉപാധ്യക്ഷ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കും. കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ഡിസംബർ 26-ന് രാവിലെ അധ്യക്ഷനെയും ഉച്ചയ്ക്ക് ശേഷം ഉപാധ്യക്ഷനെയും തിരഞ്ഞെടുക്കും. ത്രിതല പഞ്ചായത്തുകളിൽ (ഗ്രാമ, ബ്ലോക്ക്, ജില്ലാ) ഡിസംബർ 27-ന് രാവിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പും ഉച്ചയ്ക്ക് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും നടക്കും. സ്ഥിരസമിതി രൂപീകരണം 11-ന് മുൻപായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സ്ഥിരസമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് പൂർത്തിയാക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശം.

ആനുപാതിക പ്രാതിനിധ്യ സമ്പ്രദായം അനുസരിച്ച് ഒറ്റക്കൈമാറ്റ വോട്ടിലൂടെയാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. ഓരോ അംഗവും ഏതെങ്കിലും ഒരു സ്ഥിരസമിതിയിൽ അംഗമായിരിക്കണം എന്നത് നിർബന്ധമാണ്. തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥിരസമിതികളുടെ എണ്ണം നോക്കുകയാണെകിൽ കോർപറേഷൻ 8 ഉം (ധനകാര്യം, വികസനം, ക്ഷേമം, ആരോഗ്യം, മരാമത്ത്, നഗരാസൂത്രണം, നികുതി അപ്പീൽ, വിദ്യാഭ്യാസം) മുനിസിപ്പാലിറ്റി 6 ഉം (മരാമത്ത്, വിദ്യാഭ്യാസം, ധനകാര്യം, വികസനം, ക്ഷേമം, ആരോഗ്യം) ജില്ലാപഞ്ചായത്ത് 5 ഉം (ആരോഗ്യം-വിദ്യാഭ്യാസം, പൊതുമരാമത്ത്, ധനകാര്യം, വികസനം, ക്ഷേമം) ഗ്രാമ/ബ്ലോക്ക് പഞ്ചായത്ത് 4 ഉം (ധനകാര്യം, വികസനം, ക്ഷേമം, ആരോഗ്യം-വിദ്യാഭ്യാസം) എന്ന രീതിയിലാണ്.

പകുതി സ്ഥിരസമിതികളുടെ അധ്യക്ഷ പദവി വനിതകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. എല്ലാ സ്ഥിരസമിതികളിലും കുറഞ്ഞത് ഒരംഗമെങ്കിലും വനിതയായിരിക്കണം. തദ്ദേശ സ്ഥാപനത്തിലെ ഉപാധ്യക്ഷനായിരിക്കും ധനകാര്യ സ്ഥിരസമിതി അധ്യക്ഷൻ. ഡെപ്യൂട്ടി മേയർ, മുനിസിപ്പൽ വൈസ് ചെയർമാൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പദവികൾ വനിതകൾക്കായി സംവരണം ചെയ്തിട്ടുള്ള ഇടങ്ങളിൽ, ധനകാര്യ സമിതി അധ്യക്ഷ പദവിയും വനിതകൾക്ക് ലഭിക്കും. ഇത് വനിതാ സംവരണത്തിന്റെ ഭാഗമായി കണക്കാക്കി ബാക്കിയുള്ളവ ജനറൽ വിഭാഗത്തിന് നൽകും.

അധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ്സ്ഥിരസമിതി അംഗങ്ങളെ തിരഞ്ഞെടുത്ത ശേഷം മറ്റൊരു ദിവസമാണ് സമിതി അധ്യക്ഷരെ തിരഞ്ഞെടുക്കുന്നത്. ഏതെങ്കിലും സമിതി അധ്യക്ഷ പദവിയിലേക്ക് ആരും മത്സരിക്കാനില്ലാത്ത സാഹചര്യമുണ്ടായാൽ, ആ സമിതിയിലെ ഏറ്റവും പ്രായം കൂടിയ അംഗത്തെ അധ്യക്ഷനായി വരണാധികാരി പ്രഖ്യാപിക്കും. ഈ പദവി ഏറ്റെടുക്കാൻ പ്രസ്തുത അംഗത്തിന് നിയമപരമായ ബാധ്യതയുണ്ട്.

Post a Comment

0 Comments