‘ഗാന്ധിപ്രതിമ തകർക്കുന്നത് ഹീനമായ പ്രതികാരം’; അക്രമങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന് വി.ഡി. സതീശൻ



തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കണ്ണൂരിൽ സി.പി.ഐ.എമ്മിന്റെ നേതൃത്വത്തിൽ വ്യാപകമായ അക്രമങ്ങൾ അരങ്ങേറുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. പയ്യന്നൂരിലും പാനൂരിലും ബോംബുകളും വടിവാളുകളുമായി അക്രമിസംഘങ്ങൾ അഴിഞ്ഞാടുമ്പോൾ പോലീസ് നിഷ്‌ക്രിയരായി നോക്കിനിൽക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ സ്വന്തം നാട്ടിൽ ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തെ പടക്കം പൊട്ടിയതെന്ന് പറഞ്ഞ് ലഘൂകരിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. സ്വന്തം പാർട്ടിക്കാർ ബോംബ് നിർമ്മിക്കുമ്പോൾ അതിന് കൂട്ടുനിൽക്കുന്ന മുഖ്യമന്ത്രി ഈ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും പോലീസിനെ അദ്ദേഹം പരിഹാസപാത്രമാക്കുകയാണെന്നും വി.ഡി. സതീശൻ വിമർശിച്ചു.

മഹാത്മാഗാന്ധിയുടെയും ഇന്ദിരാഗാന്ധിയുടെയും പ്രതിമകൾ തകർക്കുന്ന ഹീനമായ പ്രതികാര രാഷ്ട്രീയമാണ് സി.പി.ഐ.എം പയറ്റുന്നതെന്നും ഇതിനെതിരെ ശക്തമായ പ്രതികരണം ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പാരഡി ഗാന വിവാദത്തിലും അദ്ദേഹം മറുപടി നൽകി. വർഷങ്ങൾക്ക് മുമ്പ് കെ. കരുണാകരനെ പരിഹസിക്കാൻ ഇതേ അയ്യപ്പ ഭക്തിഗാനം ഉപയോഗിച്ച് സി.പി.ഐ.എം പാരഡി നിർമ്മിച്ചിട്ടുണ്ടെന്നും സതീശൻ ചൂണ്ടിക്കാട്ടി. അക്രമകാരികളായ ക്രിമിനലുകളെ എത്രയും വേഗം കസ്റ്റഡിയിലെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഞങ്ങളുടെ പ്രവർത്തകരെ ക്രിമിനലുകൾക്ക് വിട്ടുകൊടുക്കില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.

കേരളത്തിൽ പാരഡി ഗാനങ്ങൾ പുതിയ കാര്യമല്ലെന്നും മുൻപും സി.പി.ഐ.എം ഇത്തരം രീതികൾ ഉപയോഗിച്ചിട്ടുണ്ടെന്നും വി.ഡി. സതീശൻ പരിഹസിച്ചു. ഗാനം പാടിയവർക്കും നിർമ്മിച്ചവർക്കുമെതിരെ കേസ് എടുക്കാനുള്ള നീക്കത്തെ വിമർശിച്ച അദ്ദേഹം, സഹിഷ്ണുതയുടെ കാര്യത്തിൽ സി.പി.ഐ.എമ്മിനേക്കാൾ ഭേദം ബി.ജെ.പിയാണെന്നും പരിഹസിച്ചു. ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും, മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വെല്ലുവിളികളെ ഭയമില്ലെന്നും വ്യക്തമാക്കിയ സതീശൻ, താൻ ഉന്നയിച്ച കാര്യങ്ങളെല്ലാം വസ്തുതാപരമാണെന്നും കൂട്ടിച്ചേർത്തു.

Post a Comment

0 Comments