ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് തയ്യറെടുത്ത് എറണാകുളം ജനറൽ ആശുപത്രി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് ഹൃദയവുമായി എയർ ആംബുലൻസ് എറണാകുളത്തെത്തി. കൊല്ലം ഇടവട്ടം സ്വദേശി ഷിബുവിന്റെ ഹൃദയം നേപ്പാൾ സ്വദേശി ദുർഗയ്ക്ക് മാറ്റിവെക്കും. സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടക്കുന്നത് രാജ്യത്ത് ഇതാദ്യം.
വാഹനാപകടത്തിലാണ് ഷിബുവിന് മസ്തിഷ്ക മരണം സംഭവിച്ചത്. ഷിബുവിൻറെ രണ്ട് വൃക്കകൾ, കരൾ, ഹൃദയം, 2 നേത്ര പടലങ്ങൾ, സ്കിൻ എന്നിവ ദാനം ചെയ്യും. ഒരു വൃക്കയും കരളും കിംസിലെ രോഗിയിൽ മാറ്റിവെച്ചു. ഹാർട്ട് വാൽവ്, നേത്രപടലങ്ങൾ എന്നിവ രോഗികൾക്ക് കൈമാറാനായി സൂക്ഷിച്ച് വെക്കും.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മുന്‍പ് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നിട്ടുണ്ടെങ്കിലും ഒരു ജില്ലാ തല ആശുപത്രിയിൽ ഇത് ആദ്യമായാണ്. കഴിഞ്ഞ ആറ് മാസത്തിലധികമായി ജനറൽ ആശുപത്രിയിൽ ദുർഗ ചികിത്സയിലാണ്. ഹൃദയസംബന്ധമായ ഹൈപ്പർട്രോഫിക് കാർഡിയോമയോപ്പതി എന്ന രോഗത്തിനടിമയാണ് യുവതി. അമ്മയും സഹോദരിയും ഇതേ അസുഖം ബാധിച്ചാണ് മരിച്ചത്. പിതാവും നേരത്തേ മരിച്ചിരുന്നു. സഹോദരൻ മാത്രമാണ് ഇപ്പോൾ കൂട്ടിനുള്ളത്.

0 Comments