പുൽപ്പള്ളിയിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവം പ്രതിഷേധാർഹമെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത


മാനന്തവാടി : വയനാട് പുൽപ്പള്ളിയിൽ കൂമൻ എന്ന വയോധികനെ കടുവ പിടിച്ചു കൊന്ന സംഭവം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. സ്വന്തം നാട്ടിൽ ഭയമില്ലാതെ ജീവിക്കാനുള്ള മനുഷ്യന്റെ മൗലികാവകാശം ഇവിടെ പരസ്യമായി ലംഘിക്കപ്പെടുകയാണ്. വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് കുറഞ്ഞത് 50 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണം. നിലവിൽ നൽകുന്ന തുച്ഛമായ തുക സർക്കാരിനെ സാമ്പത്തികമായി ഒരു തരത്തിലും ബാധിക്കാത്തതുകൊണ്ടാണ് വന്യമൃഗ ശല്യം തടയാൻ ഭരണകർത്താക്കൾ ആത്മാർത്ഥമായി ഇടപെടാത്തതെന്ന് രൂപത സമിതി പറഞ്ഞു. ഓരോ മരണം നടക്കുമ്പോഴും പേരിന് മാത്രം ഇടപെടുന്ന വനംവകുപ്പും സർക്കാരും ജനങ്ങളുടെ ജീവനും സ്വത്തിനും ഒരു വിലയും കൽപ്പിക്കുന്നില്ല. വന്യജീവി സംരക്ഷണ നിയമങ്ങൾ പാവപ്പെട്ട മനുഷ്യന്റെ മരണവാറന്റായി മാറുന്നത് അംഗീകരിക്കാനാവില്ല. ജനവാസ മേഖലയിലിറങ്ങി മനുഷ്യനെ കൊല്ലുന്ന മൃഗങ്ങളെ നശിപ്പിക്കാൻ നിയമപരമായ അനുമതി നൽകി ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സമിതി അംഗങ്ങൾ ആവശ്യപ്പെട്ടു.വൈസ് പ്രസിഡൻ്റ് ആഷ്‌ന പാലാരികുന്നേൽ, ജനറൽ സെക്രട്ടറി വിമൽ കൊച്ചുപുരയ്ക്കൽ, സെക്രട്ടറിമാരായ ഡ്യൂണ മരിയ കിഴക്കേമണ്ണൂർ,ജസ്റ്റിൻ ലൂക്കോസ് നിലംപറമ്പിൽ , ട്രഷറർ നവീൻ ജോസ് പുലകുടിയിൽ, ഡയറക്ടർ ഫാ. സാൻ്റോ അമ്പലത്തറ, ആനിമേറ്റർ സി. റോസ് ടോം എസ് എ ബി എസ് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments