ആരവല്ലി കുന്നുകളുടെ പുതിയ നിര്‍വചനം സ്റ്റേ ചെയ്ത് സുപ്രീം കോടതി. വിഷയം പഠിക്കാന്‍ ഉന്നതാധികാര വിദഗ്ദ്ധ സമിതി രൂപീകരിക്കും. ആരവല്ലിയുടെ ഭാഗമായി കണക്കാക്കാന്‍ കുന്നുകള്‍ക്ക് 100 മീറ്റര്‍ ഉയരം വേണമെന്ന മുന്‍ ചീഫ്ജസ്റ്റിസ് ആര്‍.എസ്.ഗവായിയുടെ ബെഞ്ചിന്റെ നിര്‍വചനമാണ് സ്റ്റേ ചെയ്തത്. സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് നടപടി. യുവാക്കള്‍ക്കിടയില്‍ അടക്കം ഉയര്‍ന്ന വന്‍ പ്രതിഷേധത്തെ തുടര്‍ന്നാണ് പുനപരിശോധന. ഖനന മേഖല സംബന്ധിച്ച് വ്യക്തത വരുത്താന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി.
ആരവല്ലിയുടെ 100 മീറ്റര്‍ നിര്‍വചനത്തെ സുപ്രീംകോടതിയുടെ ഉന്നതാധികാര സമിതി എതിര്‍ത്തിരുന്നു. വനം – പരിസ്ഥിതി മന്ത്രാലയത്തിന്റെ ശിപാര്‍ശ പരിശോധിക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് സമിതി ചൂണ്ടിക്കാട്ടുകയും ചെയ്തു. അമിക്കസ് ക്യൂറിയെയാണ് ഉന്നതാധികാര സമിതി ഇക്കാര്യം അറിയിച്ചത്.
ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യ (FSI) യുടെ നിര്‍വചനമാണ് അംഗീകരിക്കേണ്ടതെന്ന് എന്നാണ് ഉന്നതാധികാരസമിതിയുടെ നിലപാട്. മേഖലയിലെ മൂന്ന് ഡിഗ്രി ചരിവുള്ള സ്ഥലങ്ങള്‍ പോലും ആരവല്ലി പ്രദേശമായി കണക്കാക്കണം എന്നാണ് ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. പുതിയ നിര്‍വചനത്തില്‍ ആരവല്ലിയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതയുടെ സമഗ്രത നഷ്ടപ്പെട്ടു എന്ന് ഒക്ടോബര്‍ 14 ന് സമിതി നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു.

0 Comments