വയനാട്: ഉരുൾപൊട്ടൽ ദുരന്തം തകർത്ത മുണ്ടക്കൈയുടെയും ചൂരൽമലയുടെയും പുനർനിർമ്മാണത്തിനായി കോൺഗ്രസ് വിഭാവനം ചെയ്ത മാതൃകാ ഗ്രാമത്തിന്റെ നിർമ്മാണത്തിന് നാളെ തുടക്കമാകും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് ശിലാസ്ഥാപനം നിർവ്വഹിക്കും. ദുരന്തഭൂമി സന്ദർശിച്ച വേളയിൽ രാഹുൽ ഗാന്ധി നൽകിയ ഉറപ്പിന്റെ സാക്ഷാത്കാരമാണിതെന്ന് ടി. സിദ്ദിഖ് എംഎൽഎ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
വെറുമൊരു പാർപ്പിട സമുച്ചയമല്ല, മറിച്ച് ഭൂവൈജ്ഞാനിക പഠനങ്ങൾക്ക് ശേഷം മണ്ണൊലിപ്പ് സാധ്യതയില്ലാത്ത സുസ്ഥിരമായ മണ്ണിലാണ് ഈ ഗ്രാമം പണിയുന്നത്. 8 സെന്റ് ഭൂമിയിൽ 1041 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടുകളാണ് നിർമ്മിക്കുന്നത്. മൂന്ന് കിടപ്പുമുറികൾ, വിശാലമായ ഹാൾ എന്നിവയുണ്ടാകും. ഭാവിയിൽ ഒരു നില കൂടി പണിയാൻ സാധിക്കുന്ന രീതിയിലാണ് സ്ട്രക്ചർ. താമസക്കാർക്ക് ഹോം സ്റ്റേ വഴി അധിക വരുമാനം ഉറപ്പാക്കാൻ വീടിന് പുറത്തുനിന്നും പ്രവേശിക്കാവുന്ന കോണിപ്പടികൾ പ്രത്യേകമായി രൂപകൽപ്പന ചെയ്തിട്ടുണ്ട്. 6 മീറ്റർ വീതിയുള്ള റോഡുകൾ, കമ്മ്യൂണിറ്റി പാർക്ക്, കമ്മ്യൂണിറ്റി സ്പേസ് എന്നിവ ഗ്രാമത്തിലുണ്ടാകും. കൃഷിക്കും പശുവളർത്തലിനുമായി പ്രത്യേക ഇടങ്ങളും മാറ്റിവെക്കും
നാളെ ഉച്ചയ്ക്ക് 2.30-ന് കുന്നമ്പറ്റയിലെ വർക്ക് സൈറ്റിൽ നടക്കുന്ന ചടങ്ങിൽ പ്രിയങ്ക ഗാന്ധി എംപി, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പി.കെ. കുഞ്ഞാലിക്കുട്ടി, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുക്കും. ആർക്കിടെക്റ്റ് വിനോദ് സിറിയക് ആണ് ഈ ഗ്രാമം രൂപകൽപ്പന ചെയ്തിരിക്കുന്നത്

0 Comments