കൈറ്റ് വിക്റ്റേഴ്സിൻ്റെ ഹരിത വിദ്യാലയം റിയാലിറ്റി ഷോ 4.0 യിൽ പങ്കെടുത്ത് മഞ്ഞളാംപുറം യുപി സ്കൂൾ വിദ്യാർത്ഥികൾ




കേളകം : പൊതു വിദ്യാലയങ്ങളുടെ സമഗ്ര മേഖലകളിലുമുള്ള പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി വിദ്യാഭ്യാസ വകുപ്പും കൈറ്റ് വിക്റ്റേഴ്സ് ചാനലും സംയുക്തമായി സംഘടിപ്പിച്ച ഹരിത വിദ്യാലയം റിയാലിറ്റി ഷോയിലേക്ക് ഇരിട്ടി ഉപജില്ലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാലയമാണ് മഞ്ഞളാംപുറം യുപി സ്കൂൾ. സ്കൂളുകളുടെ പ്രവർത്തന മികവുകളെ അടിസ്ഥാനമാക്കി സംസ്‌ഥാന തലത്തിൽ 85 സ്കൂളുകൾ ക്കാണ് റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. കണ്ണൂർ ജില്ലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 8 സ്‌കൂളുകളിൽ ഒന്നാണ് മഞ്ഞളാംപുറം. റിയാലിറ്റി ഷോയുടെ ഭാഗമായി സ്കൂളിലെ കുട്ടികൾ തലസ്ഥാനനഗരിയിലെ കൈറ്റ് സ്റ്റുഡിയോയിൽ വിദഗ്ധ സമിതിയുമായി സംവദിച്ചിരുന്നു. സ്കൂളിന്റെ വ്യത്യസ്തമായ പ്രവർത്തനങ്ങൾ വിവരിക്കുവാനും പ്രശംസ നേടുവാനും സാധിച്ചതിന്റെ സന്തോഷത്തിലാണ് കുട്ടികൾ. പ്രസ്തുത പരിപാടി ഫെബ്രുവരി 2 തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക് കൈറ്റ് വിക്ടഴ്സ് ചാനലിൽ സംപ്രേഷണം ചെയ്തു.  

വിദ്യാർത്ഥികളുടെ പഠന മികവ് ഉയർത്തുന്ന അക്ഷരോധ്യാനം, സഞ്ചരിക്കുന്ന പാഠശാല പ്രവർത്തനങ്ങൾ, പ്രത്യേക സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം, പ്രകൃതിയോടിണങ്ങിയുള്ള പഠനത്തിനായി ഗുരുകുലം, ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് ഉതകുന്ന കലാ -കായിക പരിശീലനങ്ങൾ, ബാന്റ് സെറ്റ്, യോഗ -സൂബ- സൈക്കിൾ പരിശീലനങ്ങൾ, കൗമാര ശ്രേയസ്, ആരോഗ്യസംരക്ഷണ പരിപാടികൾ, സാമൂഹ്യ പ്രതിബദ്ധത ഉറപ്പിക്കുന്നതും മാനുഷികമൂല്യങ്ങൾക്ക് പ്രാധാന്യം നൽകുന്നതുമായ അമൃത് പൊതിച്ചോറ് പദ്ധതി, സ്നേഹക്കുടുക്ക, ഗുരുവന്ദനം, അഗതിമന്ദിര സന്ദർശനങ്ങൾ, ബോധവൽക്കരണ പരിപാടികൾ തുടങ്ങിയവ വിദ്യാലയത്തിന്റെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിൽ ചിലതാണ്. ഈ വർഷത്തെ കലാ കായിക ശാസ്ത്ര മേളകളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ച്ച വച്ച സ്കൂൾ എൽ എസ് എസ്, യു എസ് എസ് സ്കോളർഷിപ് പരീക്ഷകളിലും വിജയ തിളക്കം നേടിയിരുന്നു.

സ്കൂളിന്റെ അഭിമാനകരമായ നേട്ടങ്ങളിൽ അത്യധികം സന്തോഷമുള്ളതായി മാനേജർ ഫാ. ജോർജ് ചേലമരം, ഹെഡ് മിസ്ട്രസ് സൂസമ്മ എൻ എസ്, പി ടി എ പ്രസിഡന്റ് ബഷീർ കെ എ, മദർ പി ടി എ പ്രസിഡന്റ് ഷീന പ്രശാന്ത്, സ്റ്റാഫ്‌ സെക്രട്ടറി സിസ്റ്റർ. സ്മിത ത്രേസ്യാമ്മ, ഹരിത വിദ്യാലയം കോഡിനേറ്റർ അഖിൽ ആന്റണി, അധ്യാപകരായ ഡിന്റോ തോമസ്, ബ്ലെസ്സിമോൾ കെ ഡി, ജിൻസ് ജോസ്, സ്കൂൾ ലീഡർ എബിൻ മേരി എന്നിവർ അറിയിച്ചു.

Post a Comment

0 Comments