തലശ്ശേരി : - കേരളത്തിൽ ഘട്ടം ഘട്ടമായി മദ്യവർജ്ജനം നടപ്പിലാക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ഇടതു സർക്കാർ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന ഘട്ടത്തിൽ ബാർ ഉടമകളെ പ്രീണിപ്പിക്കുവാൻ ബാറുകളുടെ പ്രവർത്തന സമയം നീട്ടി നൽകിയതിൽ നിഗൂഢതകൾ ഉണ്ടെന്ന് കെ.സി.ബി.സി തലശ്ശേരി അതിരൂപത ഐക്യ ജാഗ്രത സമിതി വ്യക്തമാക്കി.
ടൂറിസത്തിൻ്റെ പേരിൽ പാശ്ചാത്യ മാതൃക പിൽ തുടരുകയാണെന്ന് വീമ്പടിക്കുന്നവർ പോകുന്ന പോക്കിൽ ആഞ്ഞൊരു തള്ളൽ നടത്തുന്നത് ബാർ മുതലാളിമാരെ പ്രീണിപ്പിക്കുവാനാണെന്നത് പകൽപോലെ വ്യക്തമാണ്. രാവിലെ 10 മണി മുതൽ പിറ്റേന്ന് പുലർച്ചെ 3 മണി വരെ ബാർ തുറന്നു പ്രവർത്തിക്കുന്നത് അക്രമകാരികൾക്ക് വളം വച്ചു കൊടുത്ത് നാട്ടിൽ അരാജകത്വം സൃഷ്ടിക്കുവാനാണോയെന്ന് അധികാരികൾ വ്യക്തമാക്കണം. യാത്രക്കാർക്ക് വളരെ ഏറെ ഉപകാരപ്പെടുന്ന നാട്ടിലെ തട്ടുകടകൾ പോലും രാത്രി 10 മണിക്ക് പൂട്ടണം എന്ന നിയമം നടപ്പിലാക്കിയവരാണ് ബാറുടമകൾക്ക് ഒത്താശ ചെയ്യുന്നത്.
അഴിമതിയും ധൂർത്തും സ്വജനപക്ഷപാതവും മൂലം ഖജനാവ് കാലിയാകുന്നു എന്ന ആക്ഷേപം നിലനിൽക്കെ ന്യായമായ നികുതിപിരിവിലൂടെ പണം കണ്ടെത്തേണ്ടതിന് പകരം മദ്യം ഒഴുക്കി ജനത്തെ പിഴിയുന്നത് ഒരു ജനാധിപത്യ സർക്കാരിന് ഭൂഷണമല്ല. വിവിധ കാരണങ്ങളാൽ സ്കൂളുകൾ പൂട്ടി പോകുമ്പോൾ നാട്ടിൽ ബാറുകളുടെ എണ്ണം കൂട്ടുന്ന വൈരുദ്ധ്യമാണ് ഈ സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്.
രാത്രിയുടെ മറവിൽ നാട്ടിലെ സ്വൈര്യ ജീവിതം നഷ്ടപ്പെടുവാൻ ഇടയാകുന്ന അതികമങ്ങൾക്കും മറ്റ് അപകടസാധ്യതകൾക്കും ഇടയാക്കുന്ന പുതിയ ഉത്തരവ് പിൻവലിക്കണമെന്ന് കെ.സി.ബി.സി തലശ്ശേരി അതിരൂപത ഐക്യ ജാഗ്രതാ സമിതി സെകട്ടറി ജോണി തോമസ് ആവശ്യപ്പെട്ടു.

0 Comments