കെടിഡിസിയുടെ മലബാര്‍ കോര്‍ട്യാര്‍ഡ് ഉദ്ഘാടനം ഇന്ന്

 



മലബാര്‍ മേഖലയിലെ ബീച്ച് ടൂറിസത്തിന് പുതിയ സാധ്യതകള്‍ തുറക്കുന്ന കെടിഡിസിയുടെ മുഴപ്പിലങ്ങാട് മലബാര്‍ കോര്‍ട്യാര്‍ഡ് റിസോര്‍ട്ട് ഫെബ്രുവരി 25 ബുധനാഴ്ച ഉച്ചക്ക് ശേഷം 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. നിയമസഭാ സ്പീക്കര്‍ അഡ്വ. എ.എന്‍. ഷംസീര്‍, രജിസ്‌ട്രേഷന്‍, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ മുഖ്യാതിഥികളാകും.

ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഡ്രൈവ് ഇന്‍ ബീച്ചായ മുഴപ്പിലങ്ങാട് പ്രവര്‍ത്തനം തുടങ്ങുന്ന മലബാര്‍ കോര്‍ട്യാഡില്‍ ലോകോത്തര സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കിഫ്ബി ധനസഹായത്തോടെ 51.86 കോടി രൂപ ചെലവഴിച്ചാണ് ആറര ഏക്കര്‍ വിസ്തൃതിയില്‍ റിസോര്‍ട്ട് നിര്‍മ്മിച്ചിരിക്കുന്നത്. എട്ട് കോട്ടേജുകള്‍ വീതമുള്ള നാല് കോട്ടേജ് ബ്ലോക്കും നാല് മുറികള്‍ വീതമുള്ള രണ്ട് സ്വീറ്റ് റൂം ബ്ലോക്കും ഉള്‍പ്പെടെ 40 മുറികളാണ് റിസോര്‍ട്ടിലുള്ളത്. വിശാലമായ നീന്തല്‍ക്കുളവും ലാന്‍ഡ്‌സ്‌കേപ്പിങ്ങും ഇന്‍ഡോര്‍ റീക്രിയേഷന്‍ ഏരിയയും ഹെല്‍ത്ത് ക്ലബ്ബും റിസോര്‍ട്ടില്‍ സജ്ജീകരിച്ചിട്ടുണ്ട്.

അക്വാ ഗ്രോവ്, അക്വാ വിസ്താ എന്നീ പേരുകളില്‍ 285 ചതുരശ്ര അടി വീതമുള്ള രണ്ട് തരം മുറികള്‍, ലിവിംഗ് സ്‌പെയ്സും 543 ചതുരശ്ര അടി വിസ്തീര്‍ണ്ണവുമുള്ള സ്യൂട്ട് റൂമുകള്‍, 200 പേര്‍ക്ക് ഇരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാള്‍, ബിസിനസ്, ഔദ്യോഗിക മീറ്റിംഗുകള്‍ നടത്തുന്നതിന് ഡിജിറ്റല്‍ സംവിധാനത്തോടെയുള്ള ബോര്‍ഡ് റൂമും റിസോര്‍ട്ടിലുണ്ട്.


വടക്കന്‍ കേരളത്തില്‍ അതിവേഗം വളരുന്ന ടൂറിസത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പ്രീമിയം ഡെസ്റ്റിനേഷന്‍ പ്രോപ്പര്‍ട്ടിയായിട്ടാണ് മലബാര്‍ കോര്‍ട്യാര്‍ഡ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. പശ്ചാത്തല സൗകര്യവും കോര്‍പ്പറേറ്റ് ബോര്‍ഡ് മീറ്റിംഗ് റൂമും കോണ്‍ഫറന്‍സ് ഹാളും ഉള്‍പ്പെടെ മൈസ് ടൂറിസത്തിന് അനുയോജ്യമായ ഇടമായി റിസോര്‍ട്ട് മാറുമെന്നും മന്ത്രി പറഞ്ഞു.

Post a Comment

0 Comments