സ്വദേശാഭിമാനി കേസരി പുരസ്‌കാരവും സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങളും മുഖ്യമന്ത്രി വ്യാഴാഴ്ച സമ്മാനിക്കും

 



മാധ്യമ പ്രവർത്തനത്തിലെ സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ 2024 ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരത്തിന്റേയും 2024 ലെ സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങളുടേയും 2021, 2022 വർഷങ്ങളിലെ സംസ്ഥാന ഫോട്ടോഗ്രഫി പുരസ്‌കാരങ്ങളുടേയും സമർപ്പണം വ്യാഴാഴ്ച (ഫെബ്രുവരി 5) നടക്കും. സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ വൈകിട്ട് 6 നു നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.

മുതിർന്ന മാധ്യമ പ്രവർത്തകനും ചരിത്രപുസ്തകങ്ങളുടെ രചയിതാവുമായ മലയിൻകീഴ് ഗോപാലകൃഷ്ണനാണ് 2024 ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം. ഒരു ലക്ഷം രൂപയും ശിൽപി കാനായി കുഞ്ഞിരാമൻ രൂപകൽപനചെയ്ത ശിൽപവും പ്രശസ്തിപത്രവുമടങ്ങുന്നതാണു പുരസ്‌കാരം. 25,000 രൂപയും ഫലകവും അടങ്ങുന്നതാണ് സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങൾ. ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹരായവർക്കു 15,000 രൂപയും ഫലകവും സമ്മാനിക്കും.

സംസ്ഥാന ഫോട്ടോഗ്രഫി പുരസ്‌കാരങ്ങളിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 50,000, 30,000, 25,000 രൂപയും ശിൽപവും പ്രശസ്തിപത്രവും നൽകും. ഈ വിഭാഗത്തിൽ പ്രോത്സാഹന സമ്മാന ജേതാക്കൾക്ക് 2500 രൂപയും സർട്ടിഫിക്കറ്റും സമ്മാനിക്കും.

പുരസ്‌കാര സമർപ്പണ ചടങ്ങിൽ പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ, മേയർ വി വി രാജേഷ്, കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു, കെ യു ഡബ്ല്യു ജെ സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, കെ യു ഡബ്ല്യു ജെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി അനുപമ ജി നായർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയും ഡയറക്ടറുമായ ടി വി സുഭാഷ്, അഡീഷണൽ ഡയറക്ടർ (ജനറൽ) കെ ജി സന്തോഷ്, അഡീഷണൽ ഡയറക്ടർ വി പി പ്രമോദ് കുമാർ (ഇഎംഡി) തുടങ്ങിയവർ പങ്കെടുക്കും.

Post a Comment

0 Comments