കണ്ണൂർ മൈതാനപ്പള്ളി ശ്മശാനം മുതൽ ആദികടലായി അഴിമുഖം വരെയുള്ള പ്രദേശത്തെ കടൽഭിത്തി ശക്തിപ്പെടുത്താനും മണൽ അടിഞ്ഞ് ഒഴുക്ക് കുറഞ്ഞ കാനാമ്പുഴയുടെ ആദികടലായി ഭാഗത്തെ വാഹകശേഷി വർധിപ്പിക്കാനും ഒരു കോടി രൂപയുടെ പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകി.
കണ്ണൂർ മണ്ഡലം എംഎൽഎയായ രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നൽകിയ നിർദ്ദേശം അംഗീകരിച്ചാണ് 2026-27 ബജറ്റിൽ ഉൾപ്പെടുത്തി സർക്കാർ ഫണ്ട് അനുവദിച്ചത്.
ഏകദേശം 130 മീ നീളത്തിൽ നിലവിലുള്ള കടൽഭിത്തി അറ്റകുറ്റപണികൾ നടത്തി ശക്തിപ്പെടുത്തും. കാനാമ്പുഴക്കും കടലിനുമിടയിലുള്ള ഭൂമി സംരക്ഷിക്കുന്നതിനും കടലാക്രമണം കാരണം കാനാമ്പുഴയിൽ മണൽ അടിഞ്ഞ് പുഴയുടെ വാഹകശേഷി കുറയുന്നത് തടയുന്നതിനും കടലാക്രമണ പ്രതിരോധ പ്രവൃത്തികൾ നടപ്പിലാക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
കണ്ണൂർ മൈതാനപ്പള്ളി ശ്മശാനം മുതൽ ആദികടലായി അഴിമുഖം വരെയുള്ള പ്രദേശത്തെ കടൽഭിത്തി കടൽ ക്ഷോഭത്തിലും അറ്റകുറ്റ പണികളുടെ അഭാവത്തിലും കേടുപാടുകൾ സംഭവിച്ചിരുന്നു. ഇത് സംബന്ധിച്ച് തീരസദസ്സിൽ വെച്ച് മന്ത്രിക്ക് ധാരാളം നിവേദനങ്ങൾ ലഭിച്ചിരുന്നു.
അതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പദ്ധതി നിർദ്ദേശ പ്രകാരമാണ് ബജറ്റിൽ തുക അനുവദിച്ചത്. 340 ലക്ഷം രൂപയുടെ പദ്ധതിയാണ് തയ്യാറാക്കി സമർപ്പിച്ചത്. പദ്ധതി അതിവേഗത്തിൽ ആരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി അറിയിച്ചു.

0 Comments